ഭാരതത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തിൽ അവഗണിക്കപ്പെട്ട ഒരുപാട് കരുത്തരായ നേതാക്കളുണ്ട്. അവരിൽ ഒന്നാം സ്ഥാനത്താണ് സമര സേനാനിയായ വീരസാവർക്കർ. അവഗണനയുടെ കൂരിരുട്ടിൽ അദ്ദേഹത്തെ നിർത്താൻ പിന്നീട് വന്ന കോൺഗ്രസ് ഭരണാധികാരികൾ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. എന്നാൽ, കമ്മ്യൂണിസ്റ്റ്- നെഹ്റുവിയൻ ചരിത്രകാരൻമാരിലൂടെയല്ലാതെ ഇന്ത്യൻ ചരിത്രം പഠിച്ച ഭാരതീയർക്കെല്ലാം സാവർക്കറുടെ പേരു കേൾക്കുമ്പോൾ തന്നെ, രക്തം തിളയ്ക്കുന്നത് വളരെ സ്വാഭാവികമാണ്. ഈ തലമുറയിൽ, അത്തരം വളരെ ചുരുക്കം പേർക്ക് മാത്രമാണ് അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും ധീരതയുടെയും കഥകൾ അറിയാവുന്നത്. കഴിഞ്ഞ തലമുറകളിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അദ്ദേഹത്തിന്റെ സംഭാവനയറിയാവുന്നവർ നിരവധിയായിരുന്നു. ചരിത്രം നിരവധി പ്രഗൽഭരായ അദ്ദേഹവുമായി അടുപ്പിച്ചിട്ടുണ്ട്
ഇന്ന് ഇഹലോകവാസം വെടിഞ്ഞ വിശ്രുത സംഗീതജ്ഞ ലതാ മങ്കേഷ്കറുടെ കുടുംബത്തിനും പറയാനുണ്ട് അങ്ങനെയൊരു കഥ. ഗായകരുടെ കുടുംബം തലമുറകളായി സാവർക്കറുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. ലതാ മങ്കേഷ്കറുടെ അഭിവന്ദ്യ പിതാവ് ദീനാനാഥ് മങ്കേഷ്ക്കറുടെ അടുത്ത സുഹൃത്തായിരുന്നു സാവർക്കർ. ദീനാനാഥിന്റെ നാടക കമ്പനിക്ക് വേണ്ടി സാവർക്കർ ‘സന്യാസ ഘാതക്’ എന്നൊരു നാടകമെഴുതിയിട്ടുണ്ട്. അതിൽ, ഒരു ഗാനവും അദ്ദേഹം രചിച്ചു നൽകിയിട്ടുണ്ട്. “സത് ജന്മ ഷോഡിതാനാം” എന്ന് തുടങ്ങുന്ന ആ ഗാനം നിരവധി തവണ സാമൂഹ്യമാധ്യമങ്ങളിൽ ലതാ മങ്കേഷ്കർ പങ്കു വെച്ചിട്ടുണ്ട്.
അച്ഛൻ, അല്ലെങ്കിൽ പിതൃതുല്യൻ എന്നൊക്കെ അർത്ഥമുള്ള “താത്യ” എന്നാണ് മങ്കേഷ്കർ സാവർക്കറെ വിളിച്ചിരുന്നത്. അവർ തമ്മിലുള്ള ബന്ധം അത്രത്തോളം ആഴമുള്ളതായിരുന്നു. സാവർക്കറുടെ ജന്മ/ചരമദിനങ്ങളിൽ അദ്ദേഹത്തിന് ആശംസകളർപ്പിക്കാനും, സാവർക്കർ രാജ്യത്തിന് നൽകിയ സംഭാവനകൾ എണ്ണിയെണ്ണി പറയാനും ലതാ മങ്കേഷ്കർ മടി കാണിച്ചിരുന്നില്ല. ഒരു സദസ്സിൽ പരാമർശിക്കുമ്പോൾ, സാവർക്കറെ ഭാരത മാതാവിന്റെ യഥാർത്ഥ പുത്രൻ എന്നാണ് ലതാജി അഭിസംബോധന ചെയ്തിരുന്നത്.
‘വീരസാവർക്കർജിയും ഞങ്ങളുടെ കുടുംബവും തമ്മിൽ വളരെയധികം ആത്മബന്ധമുണ്ടായിരുന്നു. ഇതിനാൽ, എന്റെ അച്ഛനു വേണ്ടി അദ്ദേഹം ‘സന്യാസ ഘാതക്’ എന്തൊരു നാടകമെഴുതി നൽകിയിട്ടുണ്ട്. നാടകം, 1931 സെപ്റ്റംബർ 18നാണ് ആദ്യമായി അരങ്ങേറിയത്.’ എന്ന് ലതാ മങ്കേഷ്കർ വെളിപ്പെടുത്തുന്നു. സംഗീത ലോകമുപേക്ഷിച്ച് തന്റെ ജീവിതവും ഊർജ്ജവും സാമൂഹ്യ സേവനത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ ഒരിക്കൽ ലതാ മങ്കേഷ്കർ ദൃഢനിശ്ചയമെടുത്തിരുന്നു. കൗമാരകാലത്ത് അവരെടുത്ത ഒരു പ്രതിജ്ഞയായിരുന്നു അതിനു കാരണം. ആ സാഹസത്തിൽ നിന്നും അവരെ പിൻതിരിപ്പിച്ചത് സാവർക്കറാണെന്ന് എഴുത്തുകാരൻ യതീന്ദ്ര മിശ്ര, ലത: സുർ ഗാഥയെന്ന തന്റെ ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നു.
നെഹ്‌റു സർക്കാരിന്റെ പ്രതികാരങ്ങൾ
ലതാമങ്കേഷ്കറും സഹോദരി ഉഷാ മങ്കേഷ്കറും മറ്റു കൂടപ്പിറപ്പുകളിൽ പ്രധാനിയായ ഹൃദയനാഥ് മങ്കേഷ്കറും സവർക്കർ രചിച്ച കവിതകൾക്ക് ഈണം പകരുക പതിവായിരുന്നു. എന്നാൽ, അന്ന് ഇന്ത്യ കൊടി കുത്തി വാണിരുന്ന കോൺഗ്രസ് പാർട്ടിക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല അതൊന്നും. സാവർക്കറെ വില്ലനാക്കി നരേറ്റീവുകൾ തുടരെത്തുടരെ പുറപ്പെടുവിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ മുന്നിൽ ചരിത്രത്തിന്റെ ചോദ്യചിഹ്നമായി ഈ ഗാനങ്ങൾ നില കൊണ്ടു. ഓൾ ഇന്ത്യ റേഡിയോ ജീവനക്കാരനായിരുന്ന ഹൃദയനാഥ് മങ്കേഷ്കറെ കാരണം പറഞ്ഞു കോൺഗ്രസ് സർക്കാർ പിരിച്ചു വിട്ടു. ആനന്ദബസാർ പത്രികയുമായി (എ.ബി.പി) നടത്തിയ ഒരു ഇന്റർവ്യൂവിൽ, ഇക്കാര്യം ഹൃദയനാഥ് തുറന്ന സമ്മതിച്ചിട്ടുണ്ട്.
“ഞാനന്നു ജോലി ചെയ്തിരുന്നത് ഓൾ ഇന്ത്യ റേഡിയോയിലാണ്. വെറും 17 വയസ്സ് പ്രായമുള്ള സമയത്ത് എനിക്ക് ഒരു മാസം 500 രൂപ ശമ്പളം ലഭിക്കുമായിരുന്നു. ഇന്നത് കപ്പലണ്ടി വാങ്ങാനുള്ള കാശു മാത്രയിരിക്കും, എന്നാൽ, അന്നത് വളരെ വലിയൊരു തുകയായിരുന്നു. പക്ഷേ, വീരസാവർക്കറുടെ പ്രശസ്തമായ “നേ മാജ്സി നേ പരത് മാതൃഭൂമി, സാഗര പ്രാൺ തൽമലാല” എന്ന വിഖ്യാതമായ കവിതയ്ക്ക് ഈണം കൊടുത്ത സംഭവം എന്റെ ജീവിതം മാറ്റി മറിച്ചു. മികച്ച ശമ്പളമുണ്ടായിരുന്ന ആ ജോലിയിൽ നിന്നും കോൺഗ്രസ് സർക്കാരെന്നെ പിരിച്ചു വിട്ടു” ഹൃദയനാഥ് മങ്കേഷ്കർ വെളിപ്പെടുത്തി.
‘വീരസാവർക്കർ ഈ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരുപാട് കഥകളും ത്യാഗങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യ അതെല്ലാം മറക്കുന്നു. അദ്ദേഹം അർഹിക്കുന്ന ആദരവ് പരിഗണനയോ ഒരിക്കലും സാവർക്കർക്ക് ലഭിച്ചിട്ടില്ല’ മങ്കേഷ്കർ കുടുംബം പറയുന്നു.
ദേശീയത എന്ന ആശയത്തോട് ചേർന്നു നിൽക്കുമ്പോൾ പലർക്കും പലതും നഷ്ടപ്പെടും. എത്രയൊക്കെ കനത്ത നഷ്ടങ്ങൾ സംഭവിച്ചാലും ചിലർ മാത്രം ഒരടി പിന്മാറില്ല. ദേശീയതയുടെയും പൂർവികർ പകർന്നു നൽകിയ സ്വത്വഗുണത്തിന്റെയും തേജസ്സിൽ ഒരു ജന്മം ജീവിച്ചു തീർത്ത ലതാജിയ്ക്ക് സദ്ഗതി നേരുന്നു
Post Your Comments