കല്‍പ്പറ്റ: റോഡുകളുടെ വീതിയും സാങ്കേതിക തികവും അത്യാവശ്യമായ കാലത്തും പനമരം പച്ചിലക്കാടിൽ വീതി കുറഞ്ഞ ജംഗ്ഷൻ നിർമ്മിച്ച് അപകടക്കെണി ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. കല്‍പ്പറ്റ, മീനങ്ങാടി, മാനന്തവാടി റോഡുകള്‍ സംഗമിക്കുന്ന ഇടമാണ് പച്ചിലക്കാട്. ഇവിടെ എത്തിയാൽ ചീറിപ്പായുന്ന ഏത് സമർത്ഥനായ ഡ്രൈവറും ബ്രേക്ക് ചവിട്ടി അല്പം എങ്കിലും ആശയകുഴപ്പത്തിലാകും. ശ്രദ്ധയൊന്ന് പാളിയാല്‍ അപകടം ഉറപ്പായ ഈ ജംഗ്ഷനെ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ വിളിക്കുന്നത് തന്നെ കണ്‍ഫ്യൂഷന്‍ ജംഗ്ഷൻ എന്നാണ്.
വലിയ വാഹനങ്ങള്‍ക്ക് തിരിയാനും മറ്റും വീതിയേറിയ റോഡ് വേണമെന്നിരിക്കെ സംസ്ഥാന പാത കൂടി കടന്നുപോകുന്ന ഈ ജംഗ്ഷന് സാധാരണ റോഡിന്റെ വീതി പോലും ഇല്ല. പച്ചിലക്കാട് ജംഗ്ഷൻ അപകടക്കെണിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിന് തന്നെയാണ്. റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുമ്പോള്‍ ജംഗ്ഷന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ അധികൃതർ അനാസ്ഥ കാണിച്ചതാണ് ഇവിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം. അപകടം കുറക്കാന്‍ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ചില ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രധാന റോഡുകള്‍ കടന്നുപോകുന്ന ജംഗ്ഷനുകൾ വീതികൂട്ടി നിർമ്മിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യം ഉണ്ടായിരുന്നതാണ്. എന്നാല്‍ പച്ചിലക്കാട് ജംഗ്ഷൻ നിര്‍മാണത്തില്‍ രാഷ്ട്രീയ നേതാക്കൾ അനാവശ്യ സ്വാധീനം ചെലുത്തിയതാണ് ഈ അപകടക്കെണിക്ക് കാരണം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മദ്രസ, സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മുസ്ലീം പള്ളി, ക്ഷേത്രം എന്നിങ്ങനെ പൊതുജനം പ്രായഭേദമന്യേ ദിവസേന സന്ദർശിക്കുന്ന നിരവധി സ്ഥാപനങ്ങൾ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുതിർന്നവർക്ക് പോലും ഇവിടെ റോഡ് മുറിച്ച് കടക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണ് എന്നതാണ് വസ്തുത. റോഡുകളിൽ കൃത്യമായി സീബ്രാലൈനുകള്‍ സ്ഥാപിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഫലത്തില്‍, റോഡിലൂടെ സഞ്ചരിക്കാനും മുറിച്ച് കടക്കാനും പ്രദേശവാസികൾ ജീവന്‍ പണയം വെക്കേണ്ട സാഹചര്യമാണ്.
Post Your Comments