ന്യൂഡൽഹി: ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം വന്നുവെന്ന് അറിയിച്ച് അധികൃതർ. എട്ടു വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഡിസൈനറായ എൽവിൻ ഹുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ലോഗോയിൽ മാറ്റം വരുത്തിയിരിക്കുന്നത് അത്ര പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. ആദ്യത്തെ ഗൂഗിൾ ക്രോം ലോഗോ വന്നത് 2008 ലാണ്. പിന്നീട്, 2011 ലും 2014 ലും ലോഗോയ്ക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. വൃത്താകൃതിയിലുള്ള, നാല്-വർണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈൻ. എന്നാൽ, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരുന്നത്.
പുതിയ ലോഗോയ്ക്ക് ചെറിയ മാറ്റങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക. പുതിയ ലോഗോയിലെ നിറങ്ങൾക്ക് നല്ല തിളക്കം നൽകിയിട്ടുണ്ട്. മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമാണ്. കൂടുതൽ നിഴലുകൾ ഇല്ല എന്നതുമാണ് പുതിയ മാറ്റങ്ങൾ. വെബ് ഉപയോക്താക്കളിൽ 63 ശതമാനവും ക്രോമാണ് ഉപയോഗിക്കുന്നതെന്ന് അനലിറ്റിക്സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments