ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചൂടുപിടിച്ച പ്രചാരണത്തിലാണ്. ഇതിനിടെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരും വന്‍തുകകള്‍ മുടക്കി ജ്യോതിഷികളെ കാണാനുള്ള തിരക്കിലാണ്.
എപ്പോള്‍ പ്രചാരണം ആരംഭിക്കണം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയതിയും ശുഭമുഹൂര്‍ത്തവും എന്നുവേണ്ട പ്രചാരണത്തിനിറങ്ങുമ്പോള്‍ ഏത് വസ്ത്രം ധരിക്കണം, ഏത് നിറത്തിലുള്ള വസ്ത്രമാണ് അനുയോജ്യം തുടങ്ങി പലകാര്യങ്ങളിലും ജ്യോതിഷികളുടെ ഉപദേശങ്ങളാണ് പലരും തേടുന്നത്.
പ്രശസ്ത ജ്യോത്സ്യനും സംഖ്യ ശാസ്ത്രജ്ഞനുമായ പണ്ഡിറ്റ് അരുണ്‍ ത്രിപാഠി പറയുന്നത് ഇങ്ങനെ, സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളും നിറവും, ഏത് ഭക്ഷണം കഴിക്കണം, ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം എന്ന് തുടങ്ങി അവരുടെ ദിനചര്യയുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഇവര്‍ ജ്യോതിഷികളുടെ അഭിപ്രായവും ഉപദേശവും തേടുന്നു.
‘ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനവും വാഹനത്തിന്റെ നിറവും അറിയണം. ചിലര്‍ക്ക് തങ്ങളുടെ ജാതകം നോക്കി ഇപ്പോള്‍ അനപകൂല കാലമാണോ എന്ന് ഗണിച്ചറിയണം. രാഹു ദോഷം, പിതൃദോഷം, സര്‍പ്പ ദോഷം എന്നിവ മാറാന്‍ വന്‍ തുകകള്‍ മുടക്കി പൂജ കഴിപ്പിക്കുന്നു’, അരുണ്‍ ത്രിപാഠി പറഞ്ഞു.
‘ചില സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഭാര്യമാരുടെ ജാതകവും കൂടി നോക്കുന്നു. അതിലെന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതും വിജയത്തിന് തടസമാകുമെന്നാണ് അവരുടെ ധാരണ. മതപരമായ ആചാരങ്ങള്‍ പാലിക്കാത്തവരാണ് ജ്യോതിഷികളുടെ അടുത്ത് പോകുന്നത്’, അരുണ്‍ ത്രിപാഠി പറഞ്ഞു.
Post Your Comments