
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഏറ്റവും മികച്ച ടാബ്ലേയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് ഉത്തർപ്രദേശാണ്. കർണാടകയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ജനപ്രിയ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യത്തിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തിരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ മൂന്ന് സേനാവിഭാഗങ്ങളും മാർച്ചിൽ പങ്കെടുത്തിരുന്നു. ഇതിൽ നിന്ന്, ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തിനെയാണ് മികച്ചതായി തിരഞ്ഞെടുത്തത്. ജനപ്രിയ മാർച്ചിംഗ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വ്യോമസേനയുമാണ്.
സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഉത്തർപ്രദേശ് ഇക്കുറി നിശ്ചല ദൃശ്യമൊരുക്കിയത്. കാശി ഇടനാഴിയേയും ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം അയോദ്ധ്യ രാമക്ഷേത്രമാണ് യു.പി നിശ്ചല ദൃശ്യമായി പ്രദർശിപ്പിച്ചത്.
‘പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ കളിത്തൊട്ടിൽ’ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് കർണാടക ടാബ്ലോ ഒരുക്കിയത്. ‘സുഭാഷ് @125’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ ടാബ്ലോയും ‘വന്ദേ ഭാരതം’ നൃത്ത സംഘവും പ്രത്യേക സമ്മാന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Post Your Comments