വാഷിങ്ടൺ: ഉക്രൈൻ പിടിച്ചടക്കാൻ വേണ്ടി റഷ്യ ആദ്യം നാടകം കളിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ആദ്യഘട്ടത്തിൽ, ഉക്രൈൻ ഇങ്ങോട്ട് കയറി ആക്രമിച്ചതായി വെളിപ്പെടുത്തുകയും, അതിനു തിരിച്ചടിയെന്ന നാട്യത്തിൽ, അധിനിവേശം നടത്താനുമാണ് റഷ്യയുടെ പദ്ധതിയെന്ന് യുഎസ് വ്യക്തമാക്കി.
‘റഷ്യ ആദ്യം ചെയ്യുക അധിനിവേശം നടത്താൻ ഒരു കാരണം കണ്ടെത്തുക എന്നതാണ്. അതിനായി, ഉക്രൈൻ ഇങ്ങോട്ട് കയറി റഷ്യൻ മണ്ണിനെ ആക്രമിച്ചുവെന്നൊരു വ്യാജ പ്രതീതി ആദ്യം സൃഷ്ടിക്കും. പിന്നീട്,അതിനു തിരിച്ചടിയായി ഉക്രൈൻ ആക്രമിച്ചു കീഴ്പ്പെടുത്തും. അവരുടെ പദ്ധതി ഇപ്രകാരമായിരിക്കും.’ അമേരിക്കൻ പ്രതിരോധ വക്താവ് ജോൺ കിർബി, മാധ്യമങ്ങളോട് വ്യക്തമാക്കി.
‘മിക്കവാറും ആദ്യമൊരു വീഡിയോ റിലീസ് ചെയ്യുകയായിരിക്കും റഷ്യ ചെയ്യുക. തകർന്നു കിടക്കുന്ന കെട്ടിടങ്ങളും, നശിപ്പിക്കപ്പെട്ട യുദ്ധോപകരണങ്ങളും, കൊല്ലപ്പെട്ടവരും അടുത്തിരുന്നു വിലപിക്കുന്നവരുമടക്കം വലിയൊരു സംഘം അഭിനേതാക്കളെ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു വീഡിയോ. ഇതായിരിക്കും ഉക്രൈൻ ആക്രമണത്തിന് തെളിവായി റഷ്യ പുറത്തുവിടുക’ യു.എസ് ആരോപിച്ചു.
Post Your Comments