KeralaLatest NewsNews

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ എന്ന പ്രഖ്യാപനം സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ. ‘ഏകീകൃത സോഫ്റ്റ്‌വെയർ സ്ഥാപിച്ച് രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. തനതു നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടാകുകയും ചെയ്യും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ നടപടി ആലോചനാരഹിതമായ പ്രഖ്യാപനം മാത്രമായി കാണാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്ന്’ മന്ത്രി പറഞ്ഞു.

Read Also: കെ റെയിലിന് 2019ല്‍ തന്നെ കേന്ദ്രം അനുമതി തന്നിട്ടുണ്ട് : തെളിവുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ അവകാശവാദം

‘ഭൂമി കൈമാറ്റവും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനുള്ള അവകാശം ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നാം പട്ടിക ( കൺകറന്റ് ലിസ്റ്റ് )യിലെ ആറാം എൻട്രിയായി ഉൾപ്പെടുത്തിയിരിക്കുന്നതാണ്. ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റിൽ ( സ്റ്റേറ്റ് ലിസ്റ്റ് ) 63 -ാം എൻട്രി പ്രകാരം ബിൽസ് ഓഫ് എക്‌സ്‌ചെഞ്ച്, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ്, ഇൻഷുറൻസ് പോളിസികൾ, ഓഹരി കൈമാറ്റങ്ങൾ, പ്രോക്‌സികൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ ആധാരങ്ങൾക്കും സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ് നൽകിയിട്ടുള്ളതെന്ന് ‘മന്ത്രി വ്യക്തമാക്കി.

ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് രജിസ്‌ട്രേഷനുകൾ വഴിയുള്ള വരുമാനം. റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം തന്നെയാണിത്. രജിസ്‌ട്രേഷൻ അധികാരം കവർന്നെടുക്കുന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നതിനുള്ള അവകാശവും നഷ്ടമാകും. ഏകീകൃത രജിസ്‌ട്രേഷൻ നടപ്പിലാക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയും ഏകീകരിക്കേണ്ടി വരും. ഇത് കേന്ദ്ര സർക്കാർ നിർണയിക്കുകയും ചെയ്യും. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം വലിയതോതിൽ ഇടിയും. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കും. ഭരണഘടന ഉറപ്പു നൽകുന്ന കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ലംഘനമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നിലപാടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവാഹവാര്‍ഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം എന്നിവയ്ക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button