ദുബായ്: ഹൂതികളുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നേരിടുന്ന യുഎഇയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായിരിക്കും യുഎസ് അയക്കുക. അബുദാബി കിരീടാവകാശി നടത്തിയ ഇടപെടലിന് പിന്നാലെയാണ് നടപടി.
നേരത്തെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി അബുദാബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് യുഎഇയ്ക്ക് പ്രതിരോധ സഹായം നൽകാൻ അമേരിക്ക തീരുമാനിച്ചത്. യുഎഇയ്ക്ക് എതിരെയുള്ള നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യുഎസ് എംബസി അറിയിച്ചു. യുഎഇയിൽ, യുഎസ് വിന്യസിക്കുന്ന വിമാനങ്ങളിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നുണ്ട്.
അടുത്തിടെ, മൂന്നു തവണയാണ് അബുദാബിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായത്. ആദ്യ തവണ നടത്തിയ ആക്രമണത്തിൽ, രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നടത്തിയ രണ്ട് ആക്രമണങ്ങളും വിജയകരമായി പ്രതിരോധിക്കാൻ യുഎഇയ്ക്ക് സാധിച്ചു. പ്രത്യാക്രമണത്തിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകളാണ് യുഎഇ തകർത്തത്.
Post Your Comments