News

മീഡിയ വണ്ണിന്റെത് മൗദൂദി രാഷ്ട്രീയം, സംഘി സർക്കാരിന് ദാസ്യം ചെയ്തുകൊടുക്കലാണ് ഇവരുടെ പണി: ആർ ജെ സലിം

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാൽ മീഡിയ വൺ ചാനലിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നിലപാട് വ്യക്തമാക്കി ആർ ജെ ബാല. മീഡിയ വണ്ണിന്റെത് മൗദൂദി രാഷ്ട്രീയമാണെന്ന് ആർ ജെ സലിം പറഞ്ഞു. സംഘി സർക്കാരിന് ദാസ്യം ചെയ്തുകൊടുക്കലാണ് ഇവരുടെ പണിയെന്നും റിപ്പോർട്ടർ ചാനലിനെ ഉള്ളു തുറന്ന് അഭിനന്ദിക്കുന്നുവെന്നും ആർ ജെ സലിം പറയുന്നു.

Also Read:‘കടിയേറ്റിട്ടും നാട്ടുകാരുടെ ജീവനോർത്ത് പാമ്പിനെ വിടാതെ പിടികൂടി’: വാവ സുരേഷിന് പാമ്പുപിടുത്തമറിയില്ലെന്ന് പറയുന്നവരോട്

‘മീഡിയ വണ്ണിന്റെ മൗദൂദി രാഷ്ട്രീയവും അവർക്ക് ഉണ്ടായേക്കാവുന്ന വിദേശ സഹായവുമൊക്കെ വളരെ പ്രെഡിക്റ്റബിളാണ്. ജനം ടീവി പച്ചയ്ക്ക് വർഗീയത പറയും, മീഡിയ വൺ സ്വത്വ വാദവും പുരോഗമനവും ചാലിച്ച് അതേ സാധനം കൂടുതൽ മികവോടെ പറയും. അത്രേയുള്ളൂ വ്യത്യാസം. അതുകൊണ്ടുതന്നെ കേന്ദ്രം പറയുന്ന സുരക്ഷാ ഭീഷണി എന്താണെന്ന് അവർ വ്യക്തമാക്കണം. അല്ലാത്തപക്ഷം അത് കടന്നുകയറ്റമാണ്’, സലിം പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

റിപ്പോർട്ടർ ചാനലിനെ ഉള്ളു തുറന്ന് അഭിനന്ദിക്കുന്നു.

മുഖ്യധാരാ മാധ്യമങ്ങളെ ഏറ്റവുമധികം വിമർശിക്കുന്ന ഒരു പ്ലാറ്റ് ഫോം എന്ന നിലയ്ക്ക് സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തമാണ് അവരിൽ ഒരു ചാനൽ ശരിയായ പത്രപ്രവർത്തന രീതികൾ അവലംബിക്കുമ്പോൾ അവരെ അഭിനന്ദിക്കുക എന്നത്.

ദിലീപ് വിഷയത്തിലും, ഇന്നലത്തെ മീഡിയ വൺ ബാനിങ് വിഷയത്തിലും മലയാളത്തിലെ മറ്റൊരു പത്ര സ്ഥാപനവും കാട്ടാത്ത ആർജ്ജവമാണ് റിപ്പോർട്ടർ കാണിച്ചത്. അത് പറഞ്ഞുതന്നെ പോകണം.

മനോരമയാണ് ദിലീപിന്റെ പീആർ ഏറ്റെടുത്തിരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. കൃത്യമായ സമയങ്ങളിൽ പെയിഡ് ഇന്റർവ്യൂകൾ, ദിലീപിനെ വെളുപ്പിക്കുന്ന വനിതാ കവർ സ്റ്റോറികൾ, ഇമേജ് ബൂസ്റ്റിങ് സ്റ്റോറികൾ എന്നിങ്ങനെ മനോരമയുടെ പ്രിന്റ് – ഓൺലൈൻ – ചാനൽ എന്നീ മൂന്നു ഡിവിഷനും ചേർന്നാണ് ഒരു നാണവുമില്ലാതെ ദിലീപ് കുമ്മായം പൂശൽ ഏറ്റെടുത്തിരിക്കുന്നത്. കോടികളുടെ ഡീലാവണം.

അവിടെയാണ് ദിലീപ് കേസിനെ ഒരു പാക്കേജായി കാണാതെ, തന്റെ മുന്നിലെത്തിയ പുതിയ തെളിവുകളെ സ്വന്തം ചാനൽ ഉപയോഗിച്ചുകൊണ്ട് നികേഷ് ഈ കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചത്. അത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച്, ഹൈക്കോടതിയെവരെ വിഴുങ്ങിനിൽക്കുന്ന പ്രതിയുള്ള ഇങ്ങനെയൊരു കേസിൽ.

റിപ്പോർട്ടർ എഡിറ്റർ നികേഷ് കഴിഞ്ഞ ദിവസം ഹർഷനുമായുള്ള അഭിമുഖത്തിൽ, നടിയെപ്പറ്റിയും അവരെ പിന്തുണച്ചവരെപ്പറ്റിയും പങ്കുവെച്ച ആകുലതകൾ കേരളീയ മനസാക്ഷി ഇതുവരെ ചോദിയ്ക്കാൻ മിനക്കെടാത്ത ചോദ്യങ്ങളാണ്.

മീഡിയ വണ്ണിന്റെ മൗദൂദി രാഷ്ട്രീയവും അവർക്ക് ഉണ്ടായേക്കാവുന്ന വിദേശ സഹായവുമൊക്കെ വളരെ പ്രെഡിക്റ്റബിളാണ്. ജനം ടീവി പച്ചയ്ക്ക് വർഗീയത പറയും, മീഡിയ വൺ സ്വത്വ വാദവും പുരോഗമനവും ചാലിച്ച് അതേ സാധനം കൂടുതൽ മികവോടെ പറയും. അത്രേയുള്ളൂ വ്യത്യാസം.

അതുകൊണ്ടുതന്നെ കേന്ദ്രം പറയുന്ന സുരക്ഷാ ഭീഷണി എന്താണെന്ന് അവർ വ്യക്തമാക്കണം. അല്ലാത്തപക്ഷം അത് കടന്നുകയറ്റമാണ്. ഫാഷിസമാണ് (അരുൺ കുമാർ, പ്ലീസ് നോട്ട്)

എന്നിട്ടും സ്റ്റേ മാറി പുനർ പ്രക്ഷേപണം തുടങ്ങിയ മീഡിയ വൺ, പ്രൈം ടൈം ചർച്ച വെച്ചത് വേറെ വിഷയമാണ്. സംഘി സർക്കാർ കഴിഞ്ഞതവണ മുട്ടിലിഴയാൻ പറഞ്ഞതിന് അതിനപ്പുറത്തെ ദാസ്യം ചെയ്തുകൊടുത്ത മീഡിയ വണ്ണിൽ നിന്ന് അതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല.

മറ്റ് പ്രമുഖ ചാനലുകളെല്ലാം ആ വാർത്ത വിഴുങ്ങിയപ്പോൾ അവിടെയും അത് ചർച്ചയാക്കാനും പ്രമോദ് രാമന്റെ പ്രതികരണം എയർ ചെയ്യാനും ധൈര്യം കാണിച്ചത് റിപ്പോർട്ടർ ചാനൽ മാത്രമാണ്.

സാധാരണ, അധികാരത്തിന്റെയും സമ്പത്തിന്റെയും വാലാട്ടിപ്പട്ടിയായി നിൽക്കുക എന്നതാണ് മീഡിയയുടെ സഹജ സ്വഭാവം. ജനാധിപത്യത്തിന്റെ നാലാംതൂണ് എന്നൊക്കെ വെറുതെ പറയാമെന്നല്ലാതെ ഒരിക്കലും മീഡിയയുടെ പ്രവർത്തനം അങ്ങനയേയല്ല. ആദ്യം വിറ്റൊഴിഞ്ഞുപോകുന്നവരാണ് മീഡിയ. അതിന് കടകവിരുദ്ധമായാണ് റിപ്പോർട്ടർ ചാനൽ കുറഞ്ഞപക്ഷം ഈ രണ്ടുകേസിലെങ്കിലും നിലപാടെടുത്തു നിന്നത്.

മറ്റു പൊതുവിമർശനങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, ഈ കെട്ട കാലത്തും, സഹചാനലുകളെപ്പോലെ വൃത്തികേട് കാണിക്കാതെ പൊരുതാൻ മനസ്സ് കാണിക്കുന്നതിന്

അഭിനന്ദനങ്ങൾ !

shortlink

Related Articles

Post Your Comments

Related Articles


Back to top button