ലണ്ടൻ: റഷ്യ ആക്രമണം നടത്തിയാൽ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. നാറ്റോയിൽ ഉക്രൈൻ അംഗമല്ലെന്നും, അതിനാൽ, സൈന്യത്തെ അയക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഉക്രൈന് വേണ്ട പിന്തുണ നൽകുമെന്നും സ്റ്റോൾട്ടെൻബർഗ് പറഞ്ഞു.
നാറ്റോ അംഗരാജ്യവും ഉക്രൈനെ പോലെ നാറ്റോ വിലമതിക്കുന്ന പങ്കാളി രാജ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്രൈൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെയാണ് നാറ്റോ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, റഷ്യ ആക്രമണം നടത്തിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ഉക്രൈനെ ആക്രമിക്കാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് റഷ്യ പറയുന്നത്. അതിർത്തിയിലെ സൈനിക വിന്യാസം മുൻനിർത്തി റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് യു.എസാണ്. റഷ്യ വീണ്ടും ഉക്രെയിനിൽ അധിനിവേശം നടത്തിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments