ThiruvananthapuramKeralaNattuvarthaLatest NewsNews

രോഗിയുടെ ബന്ധുവിനോട് ഡോക്ടർ തട്ടിക്കയറിയ സംഭവം: മെഡിക്കൽ കോളേജ് ഡെപ്യുട്ടി സൂപ്രണ്ടിനെ ചുമതലയിൽ നിന്ന് നീക്കി

ആദ്യ ഘട്ടത്തിൽ സർക്കാരിന്റെ പ്രധാന കൊവിഡ് ദൗത്യങ്ങളുടെ തലവൻ ആയിരുന്ന ഡോ. സന്തോഷിനെ സ്ഥാനത്തിൽ നിന്ന് മാറ്റുന്നതിൽ ആരോഗ്യ വകുപ്പിലെ ശീതസമരവും കാരണമായെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷിനെ ചുമതലയിൽ നിന്ന് മാറ്റി ആരോഗ്യ വകുപ്പ്. ഡോ. സന്തോഷിന് കീഴിലുള്ള ഓർത്തോ വിഭാഗത്തിലെ പിജി ഡോക്ടർ ഒരു രോഗിയുടെ ബന്ധുവിനോട് കയർത്തു സംസാരിച്ചത് വിവാദമായതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ആദ്യ ഘട്ടത്തിൽ സർക്കാരിന്റെ പ്രധാന കൊവിഡ് ദൗത്യങ്ങളുടെ തലവൻ ആയിരുന്ന ഡോ. സന്തോഷിനെ സ്ഥാനത്തിൽ നിന്ന് മാറ്റുന്നതിൽ ആരോഗ്യ വകുപ്പിലെ ശീതസമരവും കാരണമായെന്ന് സൂചനയുണ്ട്.

Also read: ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്റെ ചിത്രം: കോഴിക്കോട് സഹകരണ ആശുപത്രിയുടെ നടപടി വിവാദത്തിൽ

ഇന്നലെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ-മെയിൽ വഴിയാണ് അടിയന്തര നടപടി അറിയിച്ചത്. അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് എന്ന സുപ്രധാന പദവിയിൽ നിന്ന് ഡോ. സന്തോഷിനെ അടിയന്തരമായി നീക്കുന്നതിന്റെ കൃത്യമായ കാരണം ഉത്തരവിൽ വ്യക്തമല്ല. ഡോക്ടർ ചുമതലയിൽ വീഴ്ച വരുത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം, കഴിഞ്ഞ ദിവസം ഓർത്തോ വിഭാഗത്തിലെ പി.ജി ഡോക്ടർ ഒരു രോഗിയുടെ ബന്ധുവിനോട് കയർത്ത് സംസാരിച്ച സംഭവമാണ് നടപടിക്ക് കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ട്.

എക്സറേയ്ക്കായി എഴുതി നൽകിയ കുറിപ്പിൽ ലാബിൽ നിന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് രോഗിയുടെ ബന്ധു പി.ജി ഡോക്ടറെ സമീപിച്ചത്. തന്നെ ആരും പഠിപ്പിക്കേണ്ടെന്നും, പറഞ്ഞതുപോലെ എക്സറേ എടുത്താൽ മതിയെന്നും ആയിരുന്നു ഡോക്ടറുടെ പ്രതികരണം. രോഗിയുടെ ബന്ധുവും ഡോക്ടറുമായുള്ള സംഭാഷണം വാക്കേറ്റത്തിലേക്ക് വഴിമാറി. അതിരുവിട്ട് സംസാരിക്കുന്ന പി.ജി ഡോക്ടറുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ മോശമായി പെരുമാറിയ ഡോ. അനന്തകൃഷ്ണനെ സസ്‌പെൻഡ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button