ന്യൂയോര്‍ക്ക് : വമ്പന്‍ ശീതക്കൊടുങ്കാറ്റില്‍ തണുത്ത് വിറങ്ങലിച്ച് അമേരിക്ക. യുഎസിന്റെ കിഴക്കന്‍ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. മേഖലയില്‍ വലിയ ഹിമപതനത്തിനു പ്രതിഭാസം വഴിയൊരുക്കി. 7 കോടി ആളുകളോളം ബാധിക്കപ്പെട്ടിട്ടുണ്ട്. ഗതാഗത, വൈദ്യുതി തടസ്സങ്ങള്‍ മേഖലയിലെമ്പാടും ഉടലെടുത്തിട്ടുണ്ട്. 5 സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read Also : ഇണയ്‌ക്കൊപ്പം ഇരുന്നപ്പോൾ ഭക്ഷണം നൽകാൻ എത്തി : പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം
ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളും ശീതക്കൊടുങ്കാറ്റിന്റെ പിടിയിലായിട്ടുണ്ട്. ന്യൂയോര്‍ക്കിലും മാസച്യുസെറ്റ്‌സിലും രണ്ടടിയോളം കനത്തില്‍ ഹിമനിക്ഷേപം ഉടലെടുത്തു. മാസച്യുസിറ്റ്‌സില്‍ ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 134 കിലോമീറ്ററോളം വേഗത്തിലാണു കാറ്റ് മേഖലയില്‍ വീശുന്നത്.
ശീതതരംഗം മൂലം ഉടലെടുത്ത കുറഞ്ഞ താപനില ഫ്‌ളോറിഡ വരെ വ്യാപിച്ചു. ഫ്‌ളോറിഡയില്‍ ഇഗ്വാന എന്നറിയപ്പെടുന്ന പല്ലിവര്‍ഗത്തില്‍പെട്ട ജീവികളുടെ നാശത്തിനും സംഭവം വഴിയൊരുക്കിയിട്ടുണ്ട്. കിഴക്കന്‍ യുഎസിലേക്കുള്ള 4500 വിമാനസര്‍വീസുകള്‍ മരവിപ്പിച്ചു. കൊടുങ്കാറ്റിനെ ബോംബ് സൈക്ലോണ്‍ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞര്‍ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോണ്‍ എന്നുവിളിക്കുന്നത്.1979 മുതല്‍ 2019 വരെയുള്ള 40 വര്‍ഷ കാലയളവില്‍ യുഎസില്‍ സംഭവിച്ച കൊടുങ്കാറ്റുകളില്‍ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോണ്‍ ഉത്ഭവിക്കുന്നത്. മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതീവ വേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും.
Post Your Comments