കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയശേഷം കണ്ടെത്തിയ പെൺകുട്ടികളിൽ ഉൾപ്പെട്ട തങ്ങളുടെ മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി. കുട്ടിയെ വിട്ടുനൽകാൻ ബാലാമന്ദിരം അധികൃതർ തയ്യാറാകുന്നില്ലെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വ്യക്തമാക്കി രക്ഷിതാക്കൾ പൊലീസിലും, ജില്ലാ കലക്ടർക്കും, സിഡബ്ള്യുസിക്കും പരാതി നൽകി.
കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിലെ ആറ് പെൺകുട്ടികളെ കാണാതായത്. ബുധനാഴ്ച കാണാതായ ആറ് കുട്ടികളിൽ രണ്ട് പേരെ ബംഗളുരുവിൽ നിന്നും, നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നും പൊലീസ് കണ്ടെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലാവകാശ കമ്മീഷൻ പെൺകുട്ടികളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ കുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. പിന്നീട് ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ഇന്നലെ പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ ഉടൻ തന്നെ പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശി ടോം തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments