ഇസ്ലാമാബാദ്: രാജ്യത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പാകിസ്താനിലെ കര്‍ഷകര്‍. വളം, കീടനാശിനി എന്നിവയുടെ ദൗര്‍ലഭ്യം സാമ്പത്തിക മേഖലയിലെ പ്രതിസന്ധി എന്നിവ പാകിസ്താനിലെ കര്‍ഷകരെ വലയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിശപ്പകറ്റുന്ന കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരിടത്തും കാണാനില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികൾ ഉയര്‍ത്തിക്കാണിച്ച് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താനാണ് പദ്ധതിയെന്ന് കിസാന്‍ എത്തിഹാദ് ചെയര്‍മാന്‍ ഖാലിദ് മഹ്‌മൂദ് പറഞ്ഞു. മുള്‍ട്ടാനില്‍ നിന്ന് ഫെബ്രുവരി 14ന് മാര്‍ച്ച് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റാലികള്‍ മുള്‍ട്ടാനില്‍ സംയോജിക്കും. ഇവിടെ നിന്ന് ലാഹോറിലേക്കും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും നീങ്ങും. ഫെബ്രുവരി അവസാനത്തോടെയാണ് മാര്‍ച്ച് തലസ്ഥാനത്ത് എത്തുക.
യൂറിയ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. പഞ്ചസാര, ഗ്യാസ് എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ യൂറിയയും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്നു. അധികാരത്തിലുള്ളവര്‍ ഇതിന് പരിഹാരം കാണുകയും കുറഞ്ഞ വിലയ്ക്ക് കര്‍ഷകന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഫെബ്രുവരി അവസാനത്തോടെ ഒരു മാര്‍ച്ച് സംഘടിപ്പിക്കാന്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ആലോചിക്കുന്നുണ്ട്.
Post Your Comments