കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. നീണ്ടകര പുത്തൻതുറ മുല്ലശേരിൽ ഉണ്ണിയെന്ന് വിളിക്കുന്ന അഖിൽ (23), പുത്തൻതുറ സുന്ദരശേരിൽ ആനന്ദൻ അശോകൻ (20), പുത്തൻതുറ കൊളളപ്പുറത്ത് വിഷ്ണു എന്ന് വിളിക്കുന്ന അർജുൻ (20) എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ പുതുവർഷരാത്രി ഇവരടങ്ങിയ സംഘം എ.എംസി മുക്കിന് പടിഞ്ഞാറുളള ക്ഷേത്രത്തിന് സമീപം അർധരാത്രി പടക്കം പൊട്ടിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കി. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കരുതെന്ന് സമീപവാസിയായ ശൈലേഷ്കുമാർ ഇവരോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ ഇവർ ശൈലേഷ്കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശൈലേഷ് കൊല്ലം പാലത്തറയുളള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കരുനാഗപ്പളളി ചെറിയഴീക്കൽ ഉളളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ചവറ ഇൻസ്പെക്ടർ എ.നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐ സുകേഷ്, എഎസ്ഐ അഷറഫ്, എസ് സിപിഒ മാരായ തന്പി, ദിനേഷ്, സിപിഒ മാരായ രജേഷ്, അനി എന്നവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments