മുംബൈ: സൂപ്പർമാർക്കറ്റുകൾക്കും പലചരക്ക് കടകൾക്കും വൈൻ വിൽപ്പന നടത്താൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. സൂപ്പർ മാർക്കറ്റുകളിലും പലചരക്ക് കടകളിലും വൈൻ വിൽപ്പന വ്യാപകമാക്കിയാൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. വൈൻ മദ്യമല്ലെന്നും വൈൻ വിൽപനയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതിനാലാണ് വിൽപനക്ക് അനുമതി നൽകിയതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
സൂപ്പർ മാർക്കറ്റുകളിൽ വൈൻ വിൽക്കുന്നതിനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്ന ബിജെപിയെ റാവത്ത് രൂകഷമായി വിമർശിച്ചു. ബിജെപി എല്ലാം എതിർക്കുകയാണ് ചെയ്യുന്നതെന്നും കർഷകർക്കായി ഒന്നും ചെയ്യാൻ അവർ തയ്യാറല്ലെന്നും റാവത്ത് ആരോപിച്ചു. അതേസമയം, ‘മഹാരാഷ്ട്ര’ എന്നത് ‘മദ്യരാഷ്ട്ര’ എന്നാക്കി മാറ്റാനാണ് ശിവസേന പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി.
5,000 രൂപ വാർഷിക ഫീസ് നൽകി ലൈസൻസ് എടുത്താൽ എല്ലാ കടകൾക്കും വൈൻ വിൽപനക്ക് അനുമതി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇന്ത്യൻ വൈനുകൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ വിശദീകരണം.
Post Your Comments