ന്യൂഡല്‍ഹി : മഹാരാഷ്‌ട്ര നിയമസഭയിൽ 12 ബിജെപി എംഎൽഎമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം റദ്ദാക്കി സുപ്രീം കോടതി. സസ്പെൻഷൻ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ പന്ത്രണ്ട് ബിജെപി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതു നിയമപരമായി നിലനില്‍ക്കില്ല. പരാതിക്കാര്‍ക്ക് നിയമസഭാംഗങ്ങള്‍ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടിയുണ്ടായത്. നിയമസഭ സ്പീക്കർ ഭാസ്‌കർ ജാദവിന്റേതായിരുന്നു നടപടി. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽക്കർ, പരാഗ് അലവ്നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബംഗ്ഡിയ എന്നിവരായിരുന്നു സസ്‌പെൻഷനിലായ എംഎൽഎമാർ.
Post Your Comments