ലക്‌നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുതിർന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബറാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇദ്ദേഹം സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
യുപി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയുടെ 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാണ് രാജ് ബബ്ബാര്‍. രണ്ട് ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി അടുത്ത ദിവസമാണ് ആര്‍പിഎന്‍ സിങ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് രാജ് ബബ്ബാറിന്റേയും എസ്പിയിലേക്കുള്ള ചാട്ടം.
1989-ൽ ജനതാദളിൽ നിന്നാണ് രാജ് ബബ്ബറിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് എസ്പിയിലേക്ക് കൂറുമാറുകയും 1994-ൽ രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1999-ലെ പൊതുതെരഞ്ഞെടുപ്പിൽ ആഗ്ര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും 2004-ലെ ലോക്‌സഭയിൽ ഈ സീറ്റ് നിലനിർത്തുകയും ചെയ്തു. എന്നാൽ, 2006 ഫെബ്രുവരിയിൽ പാർട്ടിക്കെതിരായ ചില പ്രസ്‌താവനകൾ നടത്തിയത് മൂലം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പിന്നീട് 2008 ഒക്ടോബർ 5-ന് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 2009 നവംബറിൽ നടന്ന ഫിറോസാബാദ് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ് സീറ്റിൽ വിജയിച്ചു. പിന്നീട് , 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഗാസിയാബാദിൽ നിന്നും ഫത്തേപൂർ സിക്രിയിൽ നിന്നും മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു.
Post Your Comments