തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഗോവയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നത്. അടുത്തിടെ ഗോവയിലെത്തിയപ്പോൾ മമത പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് ‘ഗൃഹലക്ഷ്മി പദ്ധതി’. അതായത്, ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് മാസം 5000 രൂപ നൽകും എന്നതായിരുന്നു ഈ വാഗ്ദാനം. മമതയുടേത് വാക്കിലൊതുങ്ങുന്ന വെറും മോഹനവാഗ്ദാനം ആയി മാറുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. കാര്യം മറ്റൊന്നുമല്ല, ഖജനാവിൽ പണമില്ല.
തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് (കെഎംസി) ജീവനക്കാരുടെ ശമ്പളം പോലും നൽകാനാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി ആണത്രേ. 2021 സെപ്റ്റംബറിന് ശേഷം കോർപറേഷനിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ കഴിയില്ലെന്ന് വ്യാഴാഴ്ച കെഎംസി അറിയിക്കുകയായിരുന്നു. ഓരോ മാസവും 50 കോടി രൂപയാണ് പെൻഷന് മാത്രമായി നൽകേണ്ടി വരുന്നതെന്നും അത് നിലവിലെ അവസ്ഥയിൽ താങ്ങാനാകുന്നതല്ലെന്നുമാണ് പൗരസമിതി പറയുന്നത്. നിലവിലെ ജീവനക്കാർക്ക് 150 കോടി രൂപയാണ് ശമ്പളം വകയായി മാത്രം നൽകേണ്ടി വരുന്നത്.
‘ഫണ്ടിന്റെ പ്രതിസന്ധി കാരണം പെൻഷൻ, പെൻഷനറി ആനുകൂല്യങ്ങൾ (2021 സെപ്തംബർ മുതൽ ജോലിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക്) തുടങ്ങിയവ മുൻ ജീവനക്കാർക്ക് നൽകാൻ സാധ്യമല്ല’, പൗരസമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ 22,000 സ്ഥിരം ജീവനക്കാരും 26,000 കരാർ ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. വിരമിച്ച ജീവനക്കാരെ മാത്രമല്ല, താൽക്കാലിക ജീവനക്കാരെയും സമിതി ഒഴിവാക്കിയിരിക്കുകയുമാണ്.
വിരമിച്ച ജീവനക്കാർക്ക് പുറമെ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവർക്കും ദിവസ വേതന തൊഴിലാളികൾക്കും കഴിഞ്ഞ 8 മാസമായി ശമ്പളം നൽകിയിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശമ്പളമില്ലാതെ എട്ട് മാസത്തോളം ജോലി ചെയ്ത താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകണോ അതോ വിരമിച്ച ജീവനക്കാരുടെ പെൻഷൻ നൽകണോ എന്ന കാര്യത്തിൽ കെഎംസി അധികൃതർക്ക് തന്നെ വ്യക്തതയില്ല.
‘നിലവിലെ സാഹചര്യത്തിൽ, സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാകുമെന്നത് അസാധ്യമായ കാര്യമാണ്. ഞങ്ങൾ സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയാണ്’, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമാകാനുള്ള കാരണമെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. വസ്തു നികുതിയിൽ നിന്ന് കെഎംസി ഉണ്ടാക്കുന്ന വരുമാനം കഴിഞ്ഞ 2 വർഷമായി ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ, നികുതി നൽകാത്ത എല്ലാ സ്വത്തുക്കളും നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിൽ പൗരസമിതി കർശനമായ നടപടികൾ സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് 700 കോടി രൂപയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ (എഡിബി) നിന്ന് 2000 കോടി രൂപ വായ്പയും ആവശ്യപ്പെട്ടുവെങ്കിലും പൗരസമിതിയുടെ സാമ്പത്തിക ആരോഗ്യം മാത്രം മെച്ചപ്പെട്ടില്ല.
ജനുവരിയിൽ മാത്രം മമതയുടെ സർക്കാരിന് മൂന്ന് ഗഡുക്കളായി 6500 കോടി രൂപ ഓപ്പൺ മാർക്കറ്റിൽ നിന്ന് കടമെടുക്കേണ്ടി വന്നു. 2021 ഡിസംബർ 21-ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ടിഎംസി തൂത്തുവാരി, പാർട്ടി 144-ൽ 134 സീറ്റുകളും നേടി. ബിജെപി 3 സീറ്റുകളും ഇടതുപക്ഷം 2 സീറ്റുകളും കോൺഗ്രസ് 2 സീറ്റുകളും നേടിയപ്പോൾ മറ്റുള്ളവർ 3 സീറ്റുകൾ വീതവും നേടി. 2015ൽ ടിഎംസിക്ക് 114 സീറ്റും ബിജെപിക്ക് 7 സീറ്റും ഇടതു പാർട്ടികൾക്ക് 15 സീറ്റും കോൺഗ്രസിനും മറ്റുള്ളവർക്കും യഥാക്രമം 5 ഉം 3 ഉം സീറ്റുകളാണുണ്ടായിരുന്നത്. സ്വന്തം ജീവനക്കാർക്ക് പോലും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത മമത ആണോ ഗോവയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് എന്നാണു ഉയരുന്ന വിമർശനം.
Also Read:ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത് : മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ
ഗോവയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, തീരദേശ സംസ്ഥാനത്തെ വോട്ടർമാരെ ആകർഷിക്കാൻ ടിഎംസി സില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എല്ലാ കുടുംബങ്ങളിലെയും സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓരോ മാസവും 5000 രൂപ ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ‘ഗൃഹ ലക്ഷ്മി പദ്ധതി’ ഗോവയിലും നടപ്പാക്കും എന്നായിരുന്നു അതിൽ പ്രധാനം. ഗോവയിലെ 3.5 ലക്ഷം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ഏകദേശം 1500-2000 കോടി രൂപ ചിലവാകും.
ഇനിയും വെളിച്ചം കാണാത്ത ഈ പദ്ധതി സംസ്ഥാന ബജറ്റിന്റെ 6-8% മാത്രമായിരിക്കും. രസകരമെന്നു പറയട്ടെ, പശ്ചിമ ബംഗാളിൽ ‘ലക്ഷ്മി ഭണ്ഡാർ’ എന്ന പേരിൽ സമാനമായ ഒരു സംരംഭം നടക്കുന്നുണ്ട്. ഇവിടെ, മമത ബാനർജി സർക്കാരിന് ഇതുവരെ ഓരോ വീടിനും ഓരോ മാസവും ₹500 (ജനറൽ വിഭാഗം), ₹ 1000 (സംവരണ വിഭാഗം) മാത്രമേ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ഗോവയുടെ കാര്യത്തിൽ ഉറപ്പുനൽകിയ തുക പശ്ചിമ ബംഗാളിൽ ആദ്യം കൊടുത്ത് തീർക്കാനാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
‘ഇത് ഗോവയിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന പദ്ധതിയാണ്. പശ്ചിമ ബംഗാളിലും വൻ വിജയത്തോടെ ഞങ്ങൾ ഇതേ പദ്ധതി ആരംഭിച്ചു. ഗൃഹലക്ഷ്മി പദ്ധതി മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. ഇത് നേരിട്ടുള്ള കൈമാറ്റ പദ്ധതിയാണ്, എല്ലാ കുടുംബത്തിളെയും ഗൃഹനാഥയായ സ്ത്രീയ്ക്ക് പ്രതിമാസം 5,000 രൂപ ലഭിക്കും. ഇത് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ഈ സ്കീം ലഭിക്കാൻ, ഒരാൾ ഏതെങ്കിലും പ്രത്യേക ജാതിയുടെയോ സമുദായത്തിന്റെയോ ഭാഗമാകണമെന്നില്ല’, ബംഗാളിൽ വിജയം കണ്ടുവെന്ന് പറയുന്ന ഗൃഹലക്ഷ്മി പദ്ധതിയെ കുറിച്ച് ടിഎംസി നേതാവ് മഹുവ മൊയ്ത്ര അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു.
വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ കെഎംസിക്ക് കഴിയാതെ വരികയും കരാർ തൊഴിലാളികളുടെ/ദിവസവേതന തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുകയും ചെയ്യുമ്പോൾ, മമത ബാനർജി നയിക്കുന്ന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരമായ അലംഭാവവും തെളിഞ്ഞുവരികയാണ്. ഒരു സിവിൽ ബോഡിയെ ചിട്ടപ്പെടുത്താൻ കഴിയാത്ത ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം, ഗോവയിൽ ‘ഗൃഹ ലക്ഷ്മി’ എന്ന അതിമോഹ പദ്ധതി നടപ്പാക്കുമെന്ന അവകാശവാദം വിദൂരമായ യാഥാർത്ഥ്യമാണെന്ന് പറയേണ്ടി വരും.
Post Your Comments