നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച വിശദമായ വാദം കേള്‍ക്കാനായി ഹൈക്കോടതി മാറ്റി. നാളെ വാദം കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ദിലീപ് ഫോൺ സമർപ്പിക്കാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, പ്രോസിക്യൂഷന്റെ വാദം ദിലീപ് തള്ളി. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. കൂടാതെ, തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു. ദിലീപിന്റെ വാദം കേട്ട കോടതി, അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ചോദിച്ചു.
Also Read:ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി
ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു.
തന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങൾ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. തന്‍റെ കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു.
Alao Read:ബജറ്റ് 2022: അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കുമോ?
ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു.
അതേസമയം, പ്രതി തന്നെ പരിശോധന നടത്തി വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ഫോൺ ഹാജരാക്കണമെന്നും കോടതി അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണമെന്നും തനിക്കെതിരെ അവർ നടത്തിയ ഗൂഡാലോചന ആ ഫോണുകളിൽ നിന്നും വ്യക്തമാകുമെന്നും ദിലീപ് വാദിച്ചു.
Post Your Comments