Latest NewsNewsIndia

ഗോവൻ മാതൃകയിൽ മണിപ്പുരിലും കൂറുതെളിയിക്കുന്ന സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി കോൺഗ്രസ്: വിശ്വാസം ഇനി ദൈവത്തിൽ മാത്രം

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മണിപ്പൂരിൽ നിന്ന് മാത്രം 16 എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചുവടുമാറിയത്.

ഇംഫാല്‍: ഗോവൻ മാതൃക പിന്തുടർന്ന് മണിപ്പൂരിലും സ്ഥാനാർത്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജയിക്കുന്നതോടെ സ്ഥാനാർത്ഥികൾ കൂറുമാറി പ്രതിസന്ധി സൃഷ്ടിക്കുന്നത് പാർട്ടിയിൽ പതിവായതോടെയാണ് കോൺഗ്രസ് ഇത്തരം സത്യപ്രതിജ്ഞകൾ നിഷ്കർഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലും സ്ഥാനാർത്ഥികളെക്കൊണ്ട് പാർട്ടി കൂറുമാറില്ലെന്ന് സത്യം ചെയ്യിച്ചിരുന്നു. ഗോവയിലെ അമ്പലത്തിലും ക്രിസ്തീയ ദേവാലയത്തിലും പള്ളിയിലുമായി 36 കോൺഗ്രസ് സ്ഥാനാർത്ഥികളാണ് കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ സാന്നിധ്യത്തിലാണ് ഗോവയിൽ സത്യപ്രതിജ്ഞ നടന്നത്.

Also read: ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഇത്തവണയില്ല: ഹൽവ ചടങ്ങിന്റെ പ്രാധാന്യമെന്ത്?

അതേസമയം നേതാക്കളിൽ നിന്ന് കൂറുമാറില്ലെന്ന ഉറപ്പ് രേഖയായി എഴുതി വാങ്ങാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ. മണിപ്പൂരിൽ 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 ൽ 28 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി 16 എംഎൽഎമാർ ആണ് പാർട്ടിയിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത്.

മണിപ്പൂരിൽ ബിജെപി നേരിടുന്ന പ്രധാന പ്രശ്നം നേതാക്കളുടെ ബാഹുല്യമാണ്. 60 സീറ്റുകളുള്ള മണിപ്പൂരിൽ ഒരു സീറ്റിൽ മത്സരിക്കാൻ മൂന്ന് പേർ എന്ന തോതിലാണ് ബിജെപിയിൽ നേതാക്കൾ അവസരം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ ബിജെപി സ്ഥാനാർഥി നിർണയം നിർണായകമാകും. സ്ഥാനാർഥി പട്ടിക പുറത്ത് വരുന്നതോടെ പാർട്ടിയിൽ നിന്ന് നേതാക്കൾ അവസരം തേടി കൊഴിഞ്ഞു പോകാതിരിക്കാനുള്ള നടപടികൾ ആലോചിക്കുകയാണ് ഇപ്പോൾ മണിപ്പൂരിലെ ബിജെപി നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button