ന്യൂഡൽഹി: വോട്ടു ലഭിക്കാനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ ഗൗരവ വിഷയമാണെന്ന് സുപ്രീം കോടതി. പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ബജറ്റ് തുകയെക്കാൾ വലിയ സൗജന്യങ്ങളാണ് പാർട്ടികൾ വാഗ്ദാനം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വാഗ്ദാനങ്ങൾ നൽകുന്നത് അഴിമതിയുടെ പരിധിയിൽ വരില്ലെങ്കിലും തെറ്റായ മത്സരമാണ് സൃഷ്ടിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയിലെ സ്ഥിരം പൊതുതാത്പര്യ ഹർജിക്കാരനായ ബിജെപി നേതാവ് അഡ്വ.അശ്വിനി കുമാർ ഉപാധ്യായയാണ് ‘ഫ്രീബീസ്’ വിഷയത്തിലും പരാതി നൽകിയത്. എന്നാൽ, ഈ പരാതിയിൽ ചില പാർട്ടികളുടെ കാര്യം മാത്രം ഉൾപ്പെടുത്തിയത് കോടതി അദ്ദേഹത്തെ വിമർശിച്ചു.
പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച് സൗജന്യ വാഗ്ദാനം ചെയ്യുന്നത് ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂട്ടി, പണം, ഗ്യാസ് സിലിണ്ടർ, മൊബൈൽ ഫോൺ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പാർട്ടികൾ നൽകിയിരിക്കുന്നത്.
Post Your Comments