ഫ്രാൻസ്: പതിനെട്ടു മുതൽ 25 വയസ് വരെയുള്ള യുവതികൾക്ക് സൗജന്യ ഗർഭനിരോധനം ഉറപ്പാക്കി ഫ്രഞ്ച് സർക്കാർ. 25 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ഗർഭ നിരോധന മാർഗങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഫ്രാൻസിൽ നേരത്തെ തന്നെ സൗജന്യമായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിന്റെയും ഭാഗമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സർക്കാരാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. നിരവധി സ്ത്രീ ശാക്തീകരണ സംഘങ്ങൾ ഈ സൗജന്യ വ്യവസ്ഥയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.
പദ്ധതി പ്രകാരം ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡ് ഹോർമോൺ ഗുളികകൾ, ഐയുഡികൾ എന്നിവ അടങ്ങിയ ചികിത്സ മാർഗമാണ് സൗജന്യമായി ലഭ്യമാക്കുക. 25 വയസിനു താഴെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും ഗർഭ നിരോധന സംവിധാനങ്ങൾ സ്വീകരിക്കാൻ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് രാജ്യത്ത് ഇപ്പോൾ സൗജന്യമായി ഗർഭ നിരോധന മാർഗ്ഗങ്ങൾ നിലവിൽ വന്നിരിക്കുന്നത്.
’25 വയസ് വരെ പ്രായമുള്ള സ്ത്രീകൾ സാമ്പത്തികമായും ശാരീരികമായും ദുർബലരാണ്. അവർക്ക് സ്വയം പര്യാപ്തത നേടേണ്ട ആവശ്യകതയുണ്ട്. ഈ സമയങ്ങളിലെ ഗർഭധാരണം പലപ്പോഴും സ്ത്രീകളുടെ പല അവകാശങ്ങളും തടയാൻ കാരണമാകുന്നു. മാത്രമല്ല ഈ പ്രായത്തിലുള്ള ഗർഭ ധാരണവും പ്രസവവുമെല്ലാം എല്ലാ സ്ത്രീകൾക്കും ഉൾകൊള്ളാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. വിദ്യാഭ്യാസവും സ്വയം പര്യാപ്തതയും സ്ത്രീകൾ ആർജിക്കേണ്ടിയിരിക്കുന്നു.’ സർക്കാർ വക്താവ് ലൂയിസ് ഡെലാവിയർ വ്യക്തമാക്കി.
Post Your Comments