മുംബൈ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ടേക്കെന്ന് സൂചന. ഇന്ന് പ്രി സെഷനിൽ ഇടിവ് നേരിട്ട സെൻസെക്സ് 57,470 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 90 പോയിന്റ് ഇടിഞ്ഞ് 17,060 ലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. വ്യാപാരം തുടങ്ങിയതിന് പിന്നാലെ സെൻസെക്സ് 1000 പോയിന്റ് താഴേക്ക് പോയി 56,409.63 ൽ എത്തി. അതേസമയം നിഫ്റ്റി 16,850 ലേക്ക് താഴ്ന്നു.
Also read: ‘ഓരോ മൂന്ന് സെക്കൻഡിലും ലോകത്ത് മൂന്ന് കോവിഡ് കേസുകൾ’ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
മൂന്ന് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്നലെ ഓഹരി സൂചികകൾ കൂപ്പുകുത്തിയത്. സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ 18 എണ്ണത്തിനും 2 ശതമാനത്തിൽ അധികം നഷ്ടം സംഭവിച്ചു. ബജാജ് ഫിനാൻസ് 6.24 ശതമാനം ഇടിഞ്ഞ് 6913.15 രൂപയിൽ എത്തി. ടാറ്റ സ്റ്റീൽ 5.91 ശതമാനം ഇടിഞ്ഞ് 1100 രൂപയായി. ഐടി ഓഹരികൾ കടുത്ത വില്പന സമ്മർദ്ദത്തിൽ ആയിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം ഇടിഞ്ഞ് 1508.85 രൂപയിൽ എത്തി. വിപ്രോ 5.44 ശതമാനം ഇടിഞ്ഞ് 572.30 രൂപയായി കുറഞ്ഞു. എച്ച്സിഎൽ ടെക്‌നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപയായും, ഐഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപയായും താഴ്ന്നു. ഹെവിവെയിറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപയിൽ എത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 4 ശതമാനം വീതം കുറഞ്ഞു.
നിഫ്റ്റിയിൽ ജെഎസ്ഡബ്ള്യു സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവ 6 ശതമാനം വീതം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ടാറ്റ സ്റ്റീൽ, ഗ്രാസിം, ഹിൻഡാൽകോ എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി. സിപ്ലയും ഒഎൻജിസിയും മാത്രമാണ് നേട്ടം കൈവരിച്ചത്. നിഫ്റ്റിയുടെ 50 ൽ 2 ഓഹരികൾ മാത്രമാണ് മുന്നേറിയത്. ബാക്കി 48 ഓഹരികളുടെയും മൂല്യം ഇടിഞ്ഞു.
Post Your Comments