തിരുവനന്തപുരം: കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും, മാനസികവുമായ ശാക്തീകരണം ലക്ഷ്യമിട്ട് അംഗൺവാടികളിൽ കുമാരി ക്ലബ്ബുകൾ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എല്ലാ അങ്കണവാടികളിലും കുമാരി ക്ലബുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
‘നിലവിലെ കുമാരി ക്ലബുകളെ വര്‍ണ്ണക്കൂട്ട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് പുനരുജ്ജീവിപ്പിക്കും. കൗമാരപ്രായക്കാര്‍ക്ക് ന്യൂട്രീഷന്‍ ചെക്കപ്പ്, സെല്‍ഫ് ഡിഫന്‍സ്, ലൈഫ് സ്‌കില്‍ പരിശീലനം എന്നിവ ഘട്ടം ഘട്ടമായി നല്‍കും. വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്, വൈദ്യ സഹായം, സൗജന്യ നിയമ സഹായം, താല്ക്കാലിക അഭയം, പുനരധിവാസം എന്നിവ ലഭ്യമാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ഇതിനായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, പഞ്ചായത്ത്/സെക്ടര്‍ തലത്തില്‍ നടത്തുന്ന ഹിയറിങ് (വനിത സഹായ കേന്ദ്രം) സംവിധാനം ജനപങ്കാളിത്തത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കും’, മന്ത്രി പറഞ്ഞു.
‘വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പും അതിന് കീഴില്‍ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിര്‍വഹിക്കുന്ന ജോലിയും പദ്ധതി പ്രവര്‍ത്തനവുമെല്ലാം സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ്. അതിനാല്‍ ഈ ഫയലുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം.
വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും, ഡയറക്ടറേറ്റ്, സെക്രട്ടേറിയറ്റ്, കീഴ് കാര്യാലയങ്ങള്‍ എന്നിവടങ്ങളില്‍ അന്തിമ തീരുമാനം എടുക്കാതെ ഇനിയും തീര്‍പ്പാക്കാനായി ശേഷിക്കുന്ന ഇത്തരം മുഴുവന്‍ ഫയലുകളും ജനുവരിയില്‍ തുടങ്ങി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മുൻപ് പൂര്‍ത്തീകരിക്കത്തക്കവിധം സത്വര നടപടികള്‍ സ്വീകരിക്കണം’, മന്ത്രി വ്യക്തമാക്കി.
Post Your Comments