
ഉത്തർപ്രദേശ്: ഇട്ടാവ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിനും എഡിഎമ്മിനും എതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉയർത്തി അടുത്തിടെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ശ്യാം രാജ് ഗുപ്ത രംഗത്ത്. ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഇരുവരും കടുത്ത അഴിമതിക്കാരാണെന്ന് ഗുപ്ത ആരോപിച്ചു.
തുറന്ന കത്തിലൂടെയാണ് ഗുപ്ത കലക്ടർക്കും എഡിഎമ്മിനും എതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിയത്. ‘അന്തിമ സന്ദേശം: റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ജില്ലാ പരിഷദ് കാര്യാലയത്തിന് മുന്നിൽ ഞാൻ ആത്മാഹുതി ചെയ്യും. ജില്ലാ മജിസ്‌ട്രേറ്റ് ശ്രുതി സിങ്ങും എഡിഎം പ്രകാശ് സിങ്ങും നീതിപൂർവ്വമായി അല്ല പ്രവർത്തിക്കുന്നത്’ ഗുപ്ത കത്തിൽ പറയുന്നു.
Also read: കോൺഗ്രസ് മുൻ കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംഗ് ബിജെപിയിൽ ചേർന്നു
കലക്ടറേറ്റിലെ 61 ജീവനക്കാരെ സ്ഥലം മാറ്റിയതിന് പിന്നിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഗുപ്ത ആരോപിക്കുന്നു. ‘കഴിഞ്ഞ സെപ്റ്റംബറിൽ കൂട്ട സ്ഥലം മാറ്റൽ നടപടിയിൽ പരാതി ഉന്നയിച്ചപ്പോൾ ഡിഎമ്മും എഡിഎമ്മും സ്ഥലം മാറ്റൽ റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പരാതിക്കാരനായ എന്നെ പിന്നീട് അവർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു’ ഗുപ്ത എഴുതി.
2022 ജനുവരി 26 ന് തനിക്കും രാജ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ട ദിവസമാകുമെന്ന് കുറിച്ചുകൊണ്ടാണ് ഗുപ്ത തന്റെ കത്ത് അവസാനിപ്പിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തികളാണ് തന്റെ മേലധികാരികൾ നടത്തുന്നതെന്ന് ഇയാൾ ആരോപിക്കുന്നു.
Post Your Comments