പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഫാറൂൻ ആണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ 10 പേർ അറസ്റ്റിലായി. സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് മാസങ്ങൾക്ക് ശേഷമാണ് പൊലീസ് മുഖ്യ സൂത്രധാരനെ പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് ഫാറൂൻ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനാണ്.
ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതും, പ്രതികൾക്ക് ഒളിവിൽ കഴിയാൻ പദ്ധതികൾ രൂപീകരിച്ചതും ഫാറൂൻ ആണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. കേസിലെ എട്ടാം പ്രതി അബ്ദുൾ ഹക്കീമിന് കോടതി ജാമ്യം നൽകിയതിന് എതിരെ അപ്പീൽ പോകുമെന്നും പാലക്കാട് എസ്പി അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നീ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ നവംബർ 15 നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments