കോല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോയെന്ന് മമതാ ബാനര്‍ജി കേന്ദ്രത്തോടു ചോദിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് മമത കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
‘ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോ. നിങ്ങള്‍ ബംഗാള്‍ ടാബ്ലോ നിരസിച്ചു. ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ ഡല്‍ഹിയില്‍ നേതാജിയുടെ പ്രതിമ നിര്‍മിക്കുന്നത്’, മമത പറഞ്ഞു.
‘നേതാജി എവിടെയാണെന്ന് ഇന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. അധികാരത്തില്‍ വരുമ്പോള്‍ നേതാജിയെ കുറിച്ച് അന്വേഷിക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല’, മമത വ്യക്തമാക്കി. ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. നേരത്ത, നേതാജി സുഭാഷിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments