തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ. സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചതെന്നും മന്ത്രി ആരോപിച്ചു.
എതിര്‍പ്പ് ശക്തമായതോടെയാണ് സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കത്ത് പിന്‍വലിച്ചത്. ആര്‍ക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലെന്നും ശിവര്‍കുട്ടി പറഞ്ഞു.
വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ല എന്ന് പറയേണ്ടി വരും . മുഖ്യമന്ത്രിക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് പിൻവലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചത്. ആർക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികൾ. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനിൽ ഉണ്ടായിരുന്ന ഇ പി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഉണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിൽ ആണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നത്.
സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നിൽ. എതിർപ്പ് ശക്തമായപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ച കെ സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വ്യക്തമാക്കണം. കെ മുരളീധരൻ ഇക്കാര്യത്തിൽ മനുഷ്യസ്നേഹപരമായ പ്രസ്താവന നടത്തിയത് നന്നായി. സർക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകൾ നടത്തുക എന്നത് കെ സുധാകരൻ പതിവാക്കിയിരിക്കുകയാണ്.
Post Your Comments