KozhikodeKeralaLatest NewsNews

നോളജ് സിറ്റി: അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി കോടഞ്ചേരി പഞ്ചായത്ത്

നോളജ് സിറ്റിയിൽ വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങൾ ഉണ്ടെന്ന് സംബന്ധിച്ച് പോലും പഞ്ചായത്തിന് വ്യക്തമായ കണക്കില്ല.

കോഴിക്കോട്: കോടഞ്ചേരിയിൽ കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിയിൽ കെട്ടിടം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന നടത്താൻ ഒരുങ്ങി കോടഞ്ചേരി പഞ്ചായത്ത്. നോളജ് സിറ്റിയിൽ വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും എത്ര കെട്ടിടങ്ങൾ ഉണ്ടെന്ന് സംബന്ധിച്ച് പോലും പഞ്ചായത്തിന് വ്യക്തമായ കണക്കില്ല. ഈ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തി അനുമതിയില്ലാത്ത കെട്ടിടങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Also read: ‘തൂണുകൾ ബലപ്പെടുത്തിയാൽ മതി’: കോഴിക്കോട് കെഎസ്ആ‍ർടിസി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച സമിതി

കഴിഞ്ഞ ചൊവ്വാഴ്ച ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയും നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നോളജ് സിറ്റിയിലെ നിർമ്മാണങ്ങൾ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രാഥമിക പരിശോധന നടത്തിയത്. നോളജ് സിറ്റിയിലെ കെട്ടിടങ്ങളിൽ ഏതിനെല്ലാം പെർമിറ്റും നമ്പറും ഉണ്ടെന്ന് സംബന്ധിച്ചും പഞ്ചായത്തിന് വ്യക്തമായ കണക്കില്ല. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സിറ്റിയിൽ നിർമ്മാണങ്ങൾ നടന്നിരുന്നു എന്നതിന് അപകടത്തിൽ പെട്ട കെട്ടിടം തെളിവാണ്. തോട്ടഭൂമിയെന്ന് കാണിച്ച് വില്ലേജ് ഓഫിസർ കൈവശാവകാശം നൽകിയ ഭൂമിയിലാണ് കമ്പനി പഞ്ചായത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കെട്ടിട നിർമ്മാണം നടത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് അപകടത്തിന് പിന്നാലെ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയത്. സമാനമായ രീതിയിൽ നോളജ് സിറ്റിയിൽ മറ്റ് കെട്ടിടങ്ങൾ ഉണ്ടോ എന്ന അറിയാനാണ് പരിശോധന.

shortlink

Post Your Comments


Back to top button