കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയാണെന്ന് നടൻ ദിലീപ്. ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്. ബാലചന്ദ്ര കുമാറിനെതിരെ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെളിവുകൾ കെട്ടിചമയ്‌ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിന് വേണ്ടി നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഉളളതെന്ന് ദിലീപ് പറയുന്നു. ഈ ചിത്രത്തിൽ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത് ബാലചന്ദ്രകുമാർ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകേടു കൊണ്ടു മാത്രം അത് പറഞ്ഞ സമയത്ത് പൂർത്തിയായില്ല എന്നും ദിലീപ് പറയുന്നു.
Also Read:ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണ സാധ്യത : ഇറാഖ് അതിർത്തിയിൽ സുരക്ഷ ശക്തം
നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ആരോപിക്കുന്നു. പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹൈക്കോടതിയില്‍ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
‘സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചു, ഇതോടെ ശത്രുത കൂടി. ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി. നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി. പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു. പണം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ശത്രുവായത്’, സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments