ബാഗ്ദാദ്: സിറിയയിൽ ഐ.എസ് ഭീകരർ ജയിൽ ചാടി രക്ഷപ്പെട്ടതിനെ തുടർന്ന് അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇറാഖ്. സിറിയയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് സുരക്ഷ ശക്തമാക്കിയത്. അതിർത്തി പ്രദേശത്ത് സൈനിക സാന്നിദ്ധ്യവും നിരീക്ഷണവും ഇരട്ടിയാക്കാൻ ഇറാഖി സേനയുടെ കമാൻഡർ ഇൻ ചീഫ് നിർദ്ദേശം നൽകി.
രാജ്യത്തേക്ക് കടന്നു കയറാനുളള ഐ.എസ് ഭീകരരുടെ ഏത് നീക്കവും ചെറുക്കാൻ അതിർത്തിയിൽ ശക്തമായ സന്നാഹങ്ങൾ ഒരുക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. വ്യാഴാഴ്ചയാണ് ഹസഖായിലെ ഗ്വെയിരാൻ ജയിലിൽ നിന്നും ഐഎസ് ഭീകരർ രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെ പുറത്തു നിന്നുളള ഭീകരർ വാഹനത്തിൽ ആയുധങ്ങളുമായി എത്തി സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു. ഇനിയും ആ തടവുകാരെ മോചിപ്പിക്കാനായി ആക്രമണ സാധ്യതയുണ്ടെന്നാണ് സൈന്യം വിലയിരുത്തുന്നത്.
ജയിലിനുളളിലെ സ്ലീപ്പർ സെല്ലുകളുടെ സഹായത്തോടെയാണ് ജയിൽചാട്ടം നടത്തിയതെന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഐ.എസ് കമാൻഡർമാരുൾപ്പെടെ അയ്യായിരത്തിലധികം പേരെ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. യു.എസ് പിന്തുണയുളള ഖുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനാണ് ജയിലിന്റെ സുരക്ഷാ ചുമതല നൽകിയിരുന്നത്.
Post Your Comments