ഇസ്ലാമാബാദ്: ഡ്യൂട്ടിസമയം തീർന്നുവെന്ന് പറഞ്ഞ് യാത്രക്കാരെ വഴിയിൽ ഉപേക്ഷിച്ച് പാകിസ്ഥാനി പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്ഥാൻ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൗദിയിലെ ദമാമില്‍ തന്നെ അടിയന്തരമായി വിമാനം ഇറക്കിയിരുന്നു.
കാലാവസ്ഥാ തടസ്സങ്ങളെല്ലാം തീര്‍ന്ന് തിരികെ ഇസ്ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീര്‍ന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
ഈ സാഹചര്യത്തിൽ വിമാനം പറത്താനാകില്ലെന്ന് പൈലറ്റ് വ്യക്തമാക്കി. ഇതറിഞ്ഞതോടെ, വിമാനത്തില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാർ ബഹളം വച്ചെങ്കിലും പൈലറ്റ് തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി യാത്രക്കാരെ നിയന്ത്രിക്കുകയായിരുന്നു.
പിന്നീട് യാത്രക്കാർക്ക് അടുത്തുള്ള ഹോട്ടലില്‍ താല്‍ക്കാലിക താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് പിഐഎ രംഗത്തു വന്നു. പൈലറ്റുമാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയ പിഐഎ, അതിനാലാണ് യാത്രക്കാര്‍ക്ക് മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് അറിയിച്ചു.
Post Your Comments