കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോർജിനെ തിരഞ്ഞ് പൊലീസ്. പോക്സോ അടക്കം നൂറോളം കേസുകളിൽ പ്രതിയായ രാജേഷ് ജാമ്യത്തിൽ ഇറങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
Also read: അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ച് ഗുജറാത്തി കുടുംബം: പിന്നില്‍ മനുഷ്യക്കടത്ത് സംഘം?
ഈ മാസം പതിനേഴിനാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ മാനേജരുടെ പരിചയക്കാരനെന്ന് നടിച്ചെത്തിയ രാജേഷ് ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്ത് മുങ്ങിയത്. തൊട്ടടുത്ത ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും സമാനമായ തട്ടിപ്പ് നടന്നു. ക്ലിനിക്കിലെ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു അവിടെ പ്രതി പെരുമാറിയത്. ക്ലിനിക്കിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നും തന്ത്രപൂർവ്വം 15,000 രൂപയാണ് രാജേഷ് തട്ടിയെടുത്തത്. പണം എണ്ണി തിട്ടപ്പെടുത്തി സംശയത്തിന് ഇടനൽകാതെയാണ് ഇയാൾ കൊട്ടാരക്കരയിൽ നിന്നും മുങ്ങിയത്. തട്ടിപ്പ് നടന്ന രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
തട്ടിപ്പ് നടത്തിയ രാജേഷ് ജോർജ് തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളി സ്വദേശിയാണ്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുന്നതാണ് രാജേഷിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജേഷിനെതിരെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പോക്സോ കേസും നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രാജേഷ് വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments