ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന് വേണ്ടി തയ്യാറാക്കിയ കോവിൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽ നിന്ന് യാതൊരു വിവരങ്ങളും ചോർന്നിട്ടില്ലെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ വ്യാജവാർത്തകളുടെ ഉറവിടങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു.
ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഒരു സർക്കാർ സെർവറിൽ നിന്ന് സൈബർ കുറ്റവാളികൾ ചോർത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വ്യക്തികളുടെ പേരുകൾ, മൊബൈൽ നമ്പർ, വിലാസം, കോവിഡ് പരിശോധനാ ഫലം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർത്തിയതെന്നും ഇവ ചില ഓൺലൈൻ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഈ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ പ്രതികരണവുമായി രംഗത്ത് വരുകയായിരുന്നു.
വാക്സിൻ സ്വീകരിച്ചവരുടെ വിലാസമോ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങളോ കോവിൻ പോർട്ടൽ ശേഖരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതിനാൽ, വിവരങ്ങൾ ചോർന്നുവെന്ന ആരോപണം തെറ്റാണെന്നും കോവിൻ പോർട്ടലുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പും പ്രസ്താവിച്ചു.
Post Your Comments