വയനാട് : എൽഡിഎഫ് സർക്കാരിന്റെ ഭീമൻ വികസനപദ്ധതികളിൽ ഒന്നായ വയനാട് ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ടി. സിദ്ദിഖ് എംഎൽഎ. നാടിൻറെ പ്രധാന വികസനപദ്ധതികളിൽ ഒന്നാണ് തുരങ്കപാതയെന്ന് പ്രതികരിച്ച എംഎൽഎ, പദ്ധതി നടപ്പാക്കുമ്പോൾ പിന്തുണ നൽകുമെന്നും വ്യക്തമാക്കി. പാതയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. അനുബന്ധ റോഡുകൾക്കായുള്ള സ്ഥലമെടുപ്പ് കൂടി പൂർത്തിയാക്കിയതിന് ശേഷം പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എംഎൽഎ സൂചിപ്പിച്ചു.
സർക്കാരാണ് പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചുള്ള വിഷയങ്ങൾ പരിശോധിക്കേണ്ടതെന്നും ടി. സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ദിവസം കൽപറ്റയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എംഎൽഎ തുരങ്കപാതയുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ ഈ വിഷയത്തിൽ ഘടകവിരുദ്ധമായ നിലപാടാണ് ഇപ്പോൾ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്വീകരിക്കുന്നത്. തുരങ്കപാതയെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതില്ലെന്നും ചുരം വീതികൂട്ടിയാൽ തീരുന്ന പ്രശ്നമേ നിലവിൽ ഉള്ളുവെന്നും എൻ.ഡി. അപ്പച്ചൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയ്ക്കുള്ള മുതൽമുടക്ക് ചുരം വീതികൂട്ടി നവീകരിക്കാൻ വേണ്ടിവരില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. മുൻപും ഡിസിസി പ്രസിഡന്റ് തുരങ്കപാതയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 31 ന് തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയാണ് തുരങ്കപാതയെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് രംഗത്ത് വരുമെന്നും എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കിയിരുന്നു.
Post Your Comments