കാസർകോട് : സംസ്ഥാനത്ത് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സിപിഎമ്മിന്റെ കാസർകോട് ജില്ലാസമ്മേളനം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊതു സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ കൂടുന്നില്ലെന്ന് കളക്ടർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസർകോട് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
നിലവിലെ മാനദണ്ഡങ്ങൾ യുക്തിസഹം ആണോയെന്നും നിലവിലെ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച കാസർകോട് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നും കോടതി പറഞ്ഞു. ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം തീരുമാനം പിൻവലിക്കുകയായിരുന്നു. സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കുന്നതിനാൽ സർക്കാർ സമ്മർദ്ദം കാരണം കളക്ടർ നിയന്ത്രണം റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം.
Post Your Comments