കെ റെയില്‍ വിശദീകരണ യോഗത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം ആറു പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പരിഹാസം.
‘ചെറുകഥ. ‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..’ കഥ കഴിഞ്ഞു..ഒറ്റ സംശയം ബാക്കി..കൂടെ ഉള്ള ഒരുത്തനും വീഡിയോയില്‍ ഇല്ല..ഇതാണോ ഈ സെമി കേഡറിസം’, പി വി അൻവർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധ സമരമല്ല, മറിച്ച് ഗുണ്ടായിസമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വിമർശിച്ചു.
രാവിലെ കണ്ണൂരില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകരും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവത്തിൽ ആറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments