Latest NewsKeralaNews

ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സര്‍ക്കാർ: ടെലിവിഷനില്‍ വന്ന് കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണ് ഈ സാഹചര്യത്തിൽ ഒന്നും ചെയ്യാതെ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

‘സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ സര്‍ക്കാര്‍ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാന്‍ ഇരിക്കുന്നതേയുള്ളൂ. തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനില്‍ വന്ന് വാചക കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല. സര്‍ക്കാര്‍ ജനങ്ങളെ പൂര്‍ണ്ണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നില്‍ക്കുന്നു. ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും വരുത്തി വച്ചതാണ്’- ചെന്നിത്തല പറഞ്ഞു.

Read Also :കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം, ഇന്റര്‍നെറ്റ് കേബിള്‍ സംവിധാനം തകര്‍ന്നു

മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം മൂടി വെച്ച് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. കോവിഡ് ജനങ്ങളെ വിഴുങ്ങുമ്പോള്‍ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാര്‍. അത് കഴിഞ്ഞ് ജില്ലാ കളക്ടര്‍ പൊതു പരിപാടികള്‍ നിരോധിക്കുകയും മരണത്തിനും വിവാഹത്തിനും 50 പേര്‍ മാത്രമെന്ന നിബന്ധന കൊണ്ടു വന്നിട്ടും സിപിഎം അടച്ചിട്ട ഹാളില്‍ മൂന്നൂറിലധികം പേരെ തിരുകി നിറച്ച് സമ്മേളനം തുടര്‍ന്നു. ജനങ്ങളോടുള്ള പുച്ഛവും അധികാരത്തിന്റെ അഹങ്കാരവുമാണ് സി.പി.എം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button