റിയാദ്: രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ് ജോലി വിടുന്നതായി റിപ്പോർട്ട്. ഇസ്ലാമിക ധാർമ്മിക മൂല്യങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ തെരുവുകളിലും മാളുകളിലും പരിശോധന നടത്തിയിരുന്ന ഈ ഔദ്യോഗിക സംഘത്തിന്റെ പേര് കമ്മീഷൻ ഫോർ ദ പ്രൊമോഷൻ ഓഫ് വെർച്യു ആന്റ് ദി പ്രിവൻഷൻ ഓഫ് വൈസ് എന്നാണ്. മുതവ എന്നറിയപ്പെടുന്ന ഇവർ സൗദിയിലെ സദാചാര പൊലീസ് എന്ന പേരിൽ ആഗോള തലത്തിൽ കുപ്രസിദ്ധിയാർജിച്ചതാണ്.
സ്ത്രീകൾ ഹിജാബ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, തെരുവുകളിൽ സംഗീത പരിപാടുകൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, ഇസ്ലാമിക മൂല്യങ്ങൾക്കെതിരായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കണ്ടെത്തുക തുടങ്ങിയവയായിരുന്നു ഈ സദാചാര പൊലീസിന്റെ ജോലികൾ. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി ഈ സംഘത്തിന് രാജ്യത്ത് വലിയ പ്രസക്തിയൊന്നുമില്ല. യാഥാസ്ഥിതിക നിയന്ത്രണങ്ങളെ സൗദി ഭരണ കൂടം വലിയ തോതിൽ ഇന്ന് പിന്തുണയ്ക്കുന്നില്ല. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ് രാജ്യത്ത് വരുന്നത്.
അടുത്തിടെ റിയാദിൽ കനേഡിയൻ പോപ് താരം ജസ്റ്റിൻ ബീബറുൾപ്പെടെ പങ്കെടുത്ത സംഗീത ഫെസ്റ്റിവൽ, ബോളിവുഡ് താരങ്ങളുൾപ്പെടെ പങ്കെടുത്ത റെഡ് സീ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ഇതിനുദാഹരണമാണ്. ഭരണകൂടത്തിന്റെ നയം മാറ്റത്തോടെ വെട്ടിലായത് സൗദിയിലെ ഈ സദാചാര സംഘമാണ്. തങ്ങളെന്തൊക്കെ നിരോധിക്കുന്നോ അതിനൊക്കെ ഇന്ന് സൗദി ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്നും അതിനാൽ ഈ ജോലി ചെയ്യുന്നതിൽ ഇപ്പോൾ കാര്യമില്ലെന്നുമാണ് മുതവ അംഗങ്ങൾ പറയുന്നത്.
‘ഞാൻ എന്തൊക്കെയാണോ നിരോധിക്കേണ്ടത്, അതിനെല്ലാം ഇന്ന് ഔദ്യോഗിക അനുമതിയുണ്ട്. മുതവയ്ക്ക് അതിന്റെ എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് വ്യക്തമായ ഒരു റോളില്ല, അനുചിതമെന്ന് തോന്നുന്ന പെരുമാറ്റങ്ങൾ മാറ്റാനോ അതിലിടപെടാനോ ഞങ്ങൾക്കിപ്പോൾ അവകാശമില്ല. പ്രായോഗിക തലത്തിൽ ഇന്ന് മുതവ എന്ന ഔദ്യോഗിത സംഘം സൗദി സമൂഹത്തിലില്ല. തങ്ങളുടെ ജോലികള്‍ ഡെസ്കിലേക്ക് ചുരുങ്ങിയെന്നും ഇന്ന് വേതനത്തിന് വേണ്ടി മാത്രമാണ് ഈ ജോലി പലരും ചെയ്യുന്നത്. ധാര്‍മ്മിക മൂല്യങ്ങളെ പറ്റിയും മറ്റും സെമിനാറുകളും ബോധവൽക്കരണ ക്യാമ്പയിനുകളും നടത്തുകയാണ് ഇവരിപ്പോള്‍’- ഫെെസൽ എന്ന മുതവയിലെ മുൻ ഓഫീസർ വാർത്താ ഏജൻസിയായ എഫ്പിയോട് പറഞ്ഞു.
Post Your Comments