അബുദാബി: അബുദാബിയിലെ സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അബുദാബിയിലുണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകി. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരാക്രമണത്തോടും ക്രിമിനൽ പ്രവർത്തനങ്ങളോടും പ്രതികരിക്കാൻ യുഎഇക്ക് എല്ലാ അവകാശവുമുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികൾ നടത്തിയത് ക്രൂരമായ ആക്രമണമാണ്. മേഖലയിൽ അസ്ഥിരത പടർത്താനും ഭീകരവാദം വ്യാപിപ്പിക്കാനുമാണ് ഹൂതികളുടെ ശ്രമം. സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments