ന്യൂഡൽഹി: ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും മുൻനിരയിലെത്തിയ രാജ്യം, പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആരോഗ്യ രംഗത്തും വലിയ തോതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഏതൊരു സംരംഭവും ആരംഭിച്ച് അത് ഉന്നതിയിലെത്തിക്കാൻ ഇന്ന് ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കുമെന്നും 2021 ൽ 60,000 സ്റ്റാർട്ട് അപ്പുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഇതിലൂടെ ഇന്ത്യ ഇപ്പോൾ ഒരു നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ആരോഗ്യ സേതു, കോവിൻ പോലുള്ള ആപ്പുകൾ സാങ്കേതിക വിദ്യയിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലുമുള്ള ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നുണ്ട്. രാജ്യത്ത് വ്യവസായം നടത്താൻ ഇത് വളരെയധികം സഹായകമാകും. ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments