കോട്ടയം : പോലീസിനും സര്‍ക്കാരിനുമെതിരെ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ (19) ബാബുവിന്റെ അമ്മ. മകനെ ജോമോന്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍, മകന്റെ മൃതദേഹമാണ് ജോമോന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പ്രതികരിച്ചു. വികാരാധീനയായിട്ടായിരുന്നു ഷാന്‍ ബാബുബിന്റെ അമ്മ മാധ്യമങ്ങളെ കണ്ടത്.
‘മോൻ ഉൾപ്പെടെ മൂന്ന് കുട്ടികൾ നടന്നുവരികയായിരുന്നു. അന്നേരമാണ് അവന്‍ എന്റെ കുഞ്ഞിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. അവരിൽ രണ്ട് കുട്ടികൾ ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പോലീസ് സ്‌റ്റേഷനില്‍ കൊടുത്തിരിക്കുകയാണ്. പോലീസുകാര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു.
ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ രാത്രിയില്‍. എന്റെ മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പോലീസുകാര് നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ച് കൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു. രാത്രി രണ്ട് മണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ട് കൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും. ഇവന്‍ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നേ. ഈ സർക്കാർ എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്. ഒരമ്മയല്ലേ ഞാന്‍, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ സർക്കാർ ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ’- ഷാനിന്റെ അമ്മ പറഞ്ഞു.
Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച ബോളണ്ട് പാര്‍ക്കില്‍ തുടക്കമാവും
അതേസമയം, കോട്ടയം സംഭവം ഉള്‍പ്പെടെ വിഷയങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജ് ആണെന്നും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിച്ചു. സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments