KeralaNattuvarthaLatest NewsNewsIndia

പനി വന്നാലോ? ‘കടക്കകത്ത്’, നിസാരമായി പരിഗണിച്ചാല്‍ ഓന്‍ വിശ്വരൂപം കാട്ടും: ഒമിക്രോൺ ഭീതി പങ്കുവച്ച് ഡോ സുൽഫി നൂഹ്

തിരുവനന്തപുരം: ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ഡോ സുൽഫി നൂഹ്. നിസാരമായി പരിഗണിച്ചാല്‍ ഓന്‍ വിശ്വരൂപം കാട്ടും, കഴിഞ്ഞ പത്ത് ദിവസങ്ങളിൽ അന്‍പതിനായിരത്തിലേറെ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതാണ് ലോകത്തില്‍ ഇപ്പോഴത്തെ ഒമിക്രോണെന്ന് നൂഹ് പറയുന്നു.

Also Read:നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്ക്ക് പിന്നില്‍ പക: മേധാവിത്വം ഉറപ്പിക്കലെന്ന് പൊലീസ്

‘വീണ്ടും ഒരു ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാവൂ .കുറഞ്ഞത് രണ്ടാഴ്ച. കൂടിയാല്‍ രണ്ടുമാസം. പഴയത് ഒന്നുകൂടി പറയേണ്ടതില്ല, എങ്കിലും പറയാം. തല്‍ക്കാലം നമുക്ക് തുണി മാസ്ക് ഉപേക്ഷിക്കാം. എൻ95 മാസ്ക് കഴിവതും ഉപയോഗിക്കാം. എൻ 95 മാസ്ക് ഒമിക്രോണിനെതിരെ കൂടുതല്‍ പ്രൊട്ടക്ഷന്‍ നല്‍കുന്നുവെന്ന് പഠനങ്ങളുണ്ട്. സാമൂഹിക അകലം നിര്‍ബന്ധമാണ്. കഴിവതും തുറസ്സായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുക. എസി വേണ്ടേ വേണ്ട. കൈകള്‍ ശുദ്ധീകരിക്കുന്ന കാര്യം പ്രത്യേകിച്ച്‌ പറയേണ്ടതില്ല. പിന്നെ വാക്സിന്‍’, നൂഹ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

വിശ്വരൂപം കാട്ടാന്‍ ഒമിക്രോണിനെ അനുവദിക്കരുത്. മൂന്നാം തരംഗത്തെ വളരെ വളരെ നിസ്സാര വല്‍കരിച്ചാല്‍ ഓന്‍ വിശ്വരൂപം കാട്ടും, ഉറപ്പാണ്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍, അന്‍പതിനായിരത്തിലേറെ മരണങ്ങള്‍. അതാണ് ലോകത്തില്‍ ഇപ്പോഴത്തെ ഒമിക്രോണ്‍. വിശ്വരൂപം കാട്ടി നമുക്ക് ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാവൂ . കുറഞ്ഞത് രണ്ടാഴ്ച. കൂടിയാല്‍ രണ്ടുമാസം.

പഴയത് ഒന്നുകൂടി പറയേണ്ടതില്ല, എങ്കിലും പറയാം. തല്‍ക്കാലം നമുക്ക് തുണി മാസ്ക് ഉപേക്ഷിക്കാം. എൻ95 മാസ്ക് കഴിവതും ഉപയോഗിക്കാം. എൻ 95 മാസ്ക് ഒമിക്രോണിനെതിരെ കൂടുതല്‍ പ്രൊട്ടക്ഷന്‍ നല്‍കുന്നുവെന്ന് പഠനങ്ങള്‍. സാമൂഹിക അകലം നിര്‍ബന്ധം. കഴിവതും തുറസ്സായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുക. എസി വേണ്ടേ വേണ്ട. കൈകള്‍ ശുദ്ധീകരിക്കുന്ന കാര്യം പ്രത്യേകിച്ച്‌ പറയേണ്ടതില്ല. പിന്നെ വാക്സിന്‍. ഇതൊക്കെ ചെയ്താലും പനി വന്നാലോ?

‘കടക്കകത്ത്’ അതാണ് നയം. പടിക്ക് പുറത്തിറങ്ങരുത്. പനി, ജലദോഷം, തൊണ്ടവേദന, തല വേദന, ചുമ, ശരീരവേദന, ഇതിനെല്ലാം ‘കടക്കകത്ത്’ നിര്‍ബന്ധമാണ്. മഹാമാരിയുടെ ഈ ഘട്ടത്തില്‍ ഇത്തരം രോഗലക്ഷണമുള്ളവര്‍ കോവിഡ് രോഗികളല്ലയെന്ന് പറയാന്‍ പ്രയാസമാണ്.

ഇത്തരക്കാര്‍ വീടിനുള്ളില്‍, മുറിയില്‍, ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം ഐസൊലേറ്റ് ചെയ്യണം. ഏഴു ദിവസമാണ് അഭികാമ്യം. ഏറ്റവും കുറഞ്ഞത് അഞ്ചു ദിവസം. തല്‍ക്കാലം വീട്ടില്‍ തന്നെ ചികിത്സിക്കാം. എന്‍ 95 മാസ്ക് നിര്‍ബന്ധം. സ്വന്തം മുറി, സ്വന്തം ടോയ്ലറ്റ്, സ്വന്തം പാത്രങ്ങള്‍, സ്വന്തം വസ്ത്രം ഇവയൊക്കെ സ്വയം വൃത്തിയാക്കുകയും വേണം.

മൊബൈല്‍, ടിവി റിമോട്ട് തുടങ്ങിയവ വീട്ടുകാരുമായി പങ്കു വെയ്ക്കരുത്. ധാരാളം വെള്ളം കുടിക്കണം കൃത്യമായ സമയങ്ങളില്‍ ആഹാരം കഴിക്കണം കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങണം. ഇനി രോഗം കൂടുന്നുവോയെന്ന് എങ്ങനെ അറിയാം?

കാറ്റഗറി മാറിയാല്‍ ആശുപത്രിയില്‍ പോണം. ഒരു പള്‍സ് ഓക്സിമീറ്റര്‍ സംഘടിപ്പിക്കണം. ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കണം. അത് 94 കുറവായാലും നാഡിമിടിപ്പ് 90ന് മുകളില്‍ പോയാലും ആശുപത്രിയില്‍ പോകണം പിന്നെ ഒന്ന് നടന്നു നോക്കുകയും ചെയ്യാം.
ഒരു 6 മിനിറ്റ് നടക്കുമ്പോള്‍ ഓക്സിജന്റെ അളവ് മൂന്ന് ശതമാനം കുറഞ്ഞാല്‍ അപ്പോഴും ആശുപത്രിയില്‍ പോണം. പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ നമുക്ക് ശ്വാസം എത്ര നേരം ഉള്ളില്‍ പിടിച്ചുവയ്ക്കാന്‍ കഴിയും എന്നുള്ള ടെസ്റ്റ് ചെയ്തു നോക്കാം.

ശ്വാസം ഉള്ളിലേക്ക് വലിച്ചാല്‍ 25 സെക്കന്‍ഡ് പിടിച്ചു വെയ്ക്കാന്‍ കഴിയണം. അത് 15സെക്കന്‍ഡിന് താഴെയായാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോണം. ഇനി ഏറ്റവും പ്രധാനപ്പെട്ട അപകടസൂചനകള്‍. ശക്തമായ ശ്വാസംമുട്ടല്‍. ബോധക്ഷയം. കഫത്തില്‍ രക്തം. ശരീരത്തില്‍ നീല നിറം ശക്തമായ നെഞ്ചുവേദന അതികഠിനമായ ക്ഷീണം വളരെ ഉയര്‍ന്ന തോതിലുള്ള നെഞ്ചിടിപ്പ് ഇത് റെഡ് ഫ്ലാഗ് സൈന്‍സാണ്. ഉടന്‍ പോണം ആശുപത്രിയില്‍.

പറഞ്ഞു വന്നത്, ലാഘവബുദ്ധിയോടെ ഒമിക്രോണിനെ കാണാന്‍ ശ്രമിച്ചാല്‍ ഓന്‍ വിശ്വരൂപം കാട്ടും. ശ്രദ്ധയോടെ സമീപിച്ചാല്‍ പെട്ടെന്ന് കൂടി, പെട്ടെന്ന് തന്നെ കുറഞ് , അവന്‍ നാട് കടക്കും, കടക്കട്ടെ.

ഡോ. സുല്ഫി നൂഹു”

shortlink

Related Articles

Post Your Comments

Related Articles


Back to top button