ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആഗോളതലത്തിൽ വാക്സിൻ വിതരണം ചെയ്ത് ഇന്ത്യ. ഡിസംബർ 31 വരെ കോവിഡ് വാക്സിന്റെ 11.54 കോടി ഡോസുകൾ 97 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ദരിദ്ര,ഇടത്തരം രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ കോവാക്സ് പദ്ധതിക്ക് നൽകിയ സംഭാവനയും ഇതിലുൾപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിന് 25 കോടി ഡോസുകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. 1.86 കോടി ഡോസുകൾ മ്യാൻമാറിനും നൽകിയിട്ടുണ്ട്. നേപ്പാളിന് 94 ലക്ഷം, ഇൻഡൊനീഷ്യയ്ക്ക് 90 ലക്ഷം, അഫ്ഗാനിസ്ഥാന് 14.68 ലക്ഷം, ശ്രീലങ്കയ്ക്ക് 12.64 ലക്ഷം, ഭൂട്ടാന് 5.5 ലക്ഷം എന്നിങ്ങനെയാണ് വാക്സിൻ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമേ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലിന് 40 ലക്ഷം, പാരഗ്വായ്ക്ക് 6 ലക്ഷം, അർജന്റീനയ്ക്ക് 5.8 ലക്ഷം, ബൊളീവിയയ്ക്ക് 2.28 ലക്ഷം ഡോസുകളും ഇന്ത്യ നൽകിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ, കോംഗോ, ഘാന, ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കും വാക്സിൻ ഡോസുകൾ ലഭിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളായ യു.എ.ഇ.യ്ക്കും, സൗദി അറേബ്യയ്ക്കും ഡോസുകൾ നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സമാധാനദൗത്യ സംഘത്തിന് രണ്ടു ലക്ഷം ഡോസുകളും ആരോഗ്യപ്രവർത്തകർക്ക് 1.25 ലക്ഷം ഡോസുകളും ഇന്ത്യ കൊടുത്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments