
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ജൂത പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കിയ അക്രമിയെ എഫ്ബിഐ കമാൻഡോകൾ വെടിവെച്ചു കൊന്നു. കോളിവില്ലയിലെ ജൂതപ്പള്ളിയിൽ പുരോഹിതൻ ഉൾപ്പെടെ നാല് പേരെയാണ് അക്രമി ബന്ദിയാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ, ബാക്കിയുള്ളവരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ബന്ദികളെ വിട്ടയ്ക്കണമെങ്കിൽ ആഫിയ സിദ്ധിഖിയെ മോചിപ്പിക്കണമെന്നാണ് അക്രമി ആവശ്യപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുകയാണ് ‘ലേഡി ഖ്വൈദ’ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖി. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി മുഴക്കിയിരുന്നു.
അതുകൊണ്ട് തന്നെ, ജൂതപ്പള്ളി വളഞ്ഞ സുരക്ഷാ സേന, പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനം തുടർന്നത്. ബന്ദിയാക്കിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം വിവരങ്ങൾ പുറത്തു വിടുമെന്ന് അവർ അറിയിച്ചു.
Post Your Comments