സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിശദീകരണം. റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി ഇന്ന് കമ്മീഷനെ കണ്ടിരുന്നു. ഒരു ചുവട് പോലും പിന്നോട്ടില്ലാത്ത ഡബ്ല്യൂസിസിയുടെ യാത്രയെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. പെൺസൈന്യത്തിന് അഭിവാദ്യങ്ങൾ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
‘പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ. ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂസിസിയിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?’, ഹരീഷ് പേരടി ചോദിക്കുന്നു. പാർവതി തിരുവോത്ത്, പത്മപ്രിയ തുടങ്ങിയവരാണ് വനിതാ കമ്മീഷനെ കാണാനെത്തിയത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍വതി തിരുവോത്ത്. സാമൂഹമാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും പാര്‍വതി പറഞ്ഞു.
തുടര്‍ നടപടികള്‍ വേണമെന്നും സമഗ്രമായ നിയമ നിര്‍മാണമുണ്ടാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഡബ്ല്യൂസിസി ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് പി സതീദേവി പറഞ്ഞു. സുരക്ഷ ഉറപ്പാക്കേണ്ടത് സിനിമ നിർമാണ കമ്പനികളാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ തുടർ നടപടി സർക്കാരെടുക്കണമെന്നും കമ്മീഷൻ അറിയിച്ചു.
Post Your Comments