ന്യൂഡൽഹി: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചതെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും കോൺഗ്രസ് വിഷയം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസിലെ ഏകാധിപത്യത്തെക്കുറിച്ച് അവർ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈന കൈവരിച്ച സാമ്പത്തിക പുരോഗതി മാതൃകാപരമാണെന്നും അതിർത്തിയിലെ സംഘർഷ നീക്കത്തെ പാർട്ടി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചൈന വിഷയത്തിൽ പാറശാല ഏരിയ കമ്മിറ്റിയുടെ വിമർശനങ്ങൾ വിവാദമായതിന് പിന്നാലെ അതിനെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്ത് വന്നു. ചൈന ആധുനിക രീതിയിലെ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് ചൈനക്കെതിരായ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
ചൈന ആഗോളവൽക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ൽ ചൈനയ്ക്ക് ദാരിദ്ര്യ നിർമാർജനം കൈവരിക്കാൻ കഴിഞ്ഞു. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
Post Your Comments