ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുന്നതായി ഇറാൻ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ അലി ഖമീനിയുടെ അക്കൗണ്ടിൽ കാണപ്പെട്ടതിനെ തുടർന്നാണ് ട്വിറ്റർ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
യു.എസിലെ ഫ്ലോറിഡയിലുള്ള റിസോർട്ടിൽ ഗോൾഫ് കളിച്ചു കൊണ്ടിരിക്കുന്ന ട്രംപിനെ ഡ്രോൺ അയച്ച് വധിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ, ഡ്രോൺ ആക്രമണത്തിൽ ഇറാൻ ഖുദ്സ് ഫോഴ്സ് ജനറൽ ഖാസിം സുലൈമാനിയെ വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരത്തിന്റെ സൂചനയായിട്ടാണ് വീഡിയോ ഇറക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ചെയ്തതിന് പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പും വീഡിയോയിലൂടെ നൽകുന്നുണ്ട്. 2020 ജനുവരി 3 ന് ബാഗ്ദാദിൽ വച്ചാണ് സുലൈമാനി കൊല്ലപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഇറാനിൽ മത്സരങ്ങൾ നടത്തിയിരുന്നു. അതിലേക്കയച്ച അനിമേറ്റഡ് വീഡിയോയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Post Your Comments