
കേപ്ടൗൺ: മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. അര്‍ദ്ധശതകം നേടിയ കീഗന്‍ പീറ്റേഴ്‌സന്റെ ബാറ്റിംഗായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയ ലക്ഷ്യം 82 റണ്‍സ് എടുത്ത കീഗന്റെയൂം വാന്‍ഡസന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
ഇതോടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയത്തിനായി ഇനിയും കാത്തിരിക്കണം. നായകന്‍ ഡീന്‍ എല്‍ഗാര്‍ 30 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ബൗളിംഗിനെ സമര്‍ത്ഥമായി നേരിട്ട കീഗന്‍ 113 പന്തുകളിലാണ് 82 റണ്‍സ് നേടിയത്. 10 ബൗണ്ടറികള്‍ നേടി. ഠാക്കൂര്‍ കീഗനെ ക്ലീന്‍ബൗള്‍ ചെയ്യുകയായിരുന്നു.
41 റണ്‍സ് എടുത്ത ഡുസാനും 32 റണ്‍സ് എടുത്ത ബാവുമയും ചേര്‍ന്ന് ഇന്ത്യയുടെ കാര്യം തീരുമാനവുമാക്കി. 95 പന്തുകളിലായിരുന്നു ഡസന്റെ റണ്‍സ്. ബാവുമ 58 പന്തുകള്‍ നേരിട്ടു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 198 റണ്‍സുമാണ് നേടിയത്.
ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 210 റണ്‍സ് എടുത്തിരുന്നു. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയെ വന്‍ സ്‌കോറിലേക്ക് പോകാതെ തടുത്തു നിര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗാണ് അഭിനന്ദനാര്‍ഹമായ പ്രകടനം നടത്തിയത്.
Read Also:- ‘ഹൃദയസ്തംഭനം’ അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ!
മറുവശത്ത് ദക്ഷിണാഫ്രിക്കയെ വീഴ്ത്താനുള്ള ബൗളിംഗ് മികവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പുറത്തെടുക്കാനുമായില്ല. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു പരമ്പര വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ജയിച്ച് മേല്‍ക്കൈ നേടിയ ശേഷമാണ് ഇന്ത്യ രണ്ടു മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത്.
Post Your Comments